SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

ക്യാമ്പസിലെ ലഹരിക്കെതിരെ ഒറ്റക്കെട്ടെന്ന് വിദ്യാർത്ഥി സംഘടനകൾ

sfisiva

ക്യാമ്പസുകളിൽ നിന്നും ഹോസ്റ്റലിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് ഉൾപ്പെടെ മാരക ലഹരിവസ്‌തുക്കൾ പിടികൂടപ്പെടുന്നു. ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ ക്ളാസുകളിലെത്തുന്നു. ഏതു ലഹരിയും ക്യാമ്പസിലും പരിസരങ്ങളിലും സുലഭമാകുന്ന ഭീതിതമായ സ്ഥിതി. ക്യാമ്പസുകളെ ലഹരിമുക്തമാക്കാൻ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്നവരാണ് വിദ്യാർത്ഥി സംഘടനകൾ. അവർ അത് ചെയ്യുന്നുണ്ടോ? കാമ്പസിലെ മയക്കുമരുന്ന് ലഹരിയെ നേരിടാൻ എന്തുചെയ്യുമെന്ന കേരളകൗമുദിയുടെ ചോദ്യത്തോട് പ്രമുഖ വിദ്യാർത്ഥി സംഘടനകൾ പ്രതികരിക്കുന്നു.

ബോധവത്കരിച്ച് തിരുത്തും

എം.ശിവപ്രസാദ്

സംസ്ഥാന സെക്രട്ടറി

എസ്.എഫ്.ഐ

ലഹരിക്കെതിരെ ക്യാമ്പസുകളെ ജാഗ്രതയിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ക്യാമ്പസിലോ ഹോസ്‌റ്റലുകളിലോ ഉപയോഗം ഒഴിവാക്കുക പ്രധാനമാണ്. ഒരു ക്ളാസിൽ ഒന്നോ രണ്ടോ പേർ ലഹരി ഉപയോഗിക്കുന്നുണ്ടാകാം. ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കാൻ അറിയുന്നവർ ഇടപെടുന്നില്ല. ബോധവത്കരിച്ച് തിരുത്തിക്കുന്നതിന് മുൻഗണന നൽകും.

രണ്ടാംഘട്ടത്തിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ബോധവത്കരണം ഉൾപ്പെടെ ദൗത്യങ്ങൾക്ക് എസ്.എഫ്.ഐ നേതൃത്വം നൽകും. അദ്ധ്യാപകർ,രക്ഷിതാക്കൾ,സംഘടനകൾ തുടങ്ങി എല്ലാവരുടെയും പിന്തുണ തേടും. ലഹരിയുടെ ഉറവിടവും ശൃംഖലയും തകർത്ത് ക്യാമ്പസിനെ ലഹരിമുക്തമാക്കാൻ ഇടപെടും. സംഘടനയുടെ മുഴുവൻ ശേഷിയും അതിനായി വിനിയോഗിക്കും. ലഹരിക്കെതിരെ അതിവേഗ നടപടികൾ സ്വീകരിക്കുന്ന സർക്കാരിന് പൂർണ പിന്തുണ നൽകും.

ഉറവിടങ്ങൾ തകർക്കും

അലോഷ്യസ് സേവ്യർ

സംസ്ഥാന പ്രസിഡന്റ്

കെ.എസ്.യു

ക്യാമ്പസുകളിലേക്ക് കഞ്ചാവ്,എം.ഡി.എം.എ തുടങ്ങിയവ എത്തുന്ന ഉറവിടങ്ങൾ കണ്ടെത്താനും തകർക്കാനുമുള്ള നടപടികൾ സ്വീകരിക്കും. ക്യാമ്പസുകളിൽ ലഹരിക്കെതിരെ സ്‌ക്വാഡുകൾ രൂപീകരിക്കും.

ലഹരിയിലേക്ക് വിദ്യാർത്ഥികൾ വഴുതിവീഴുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കലാകായിക മേഖലകളിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ലഹരിവസ്തുക്കൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും. ലഹരിക്കെതിരായ നിരന്തര പ്രചാരണവും വിദ്യാർത്ഥികളിൽ ബോധവത്കരണവും കൂടുതൽ ശക്തമാക്കും.

സംഘടനകൾക്കതീതമായി ഇതിനായി പ്രവർത്തിക്കാൻ കെ.എസ്.യു തയ്യാറാണ്. ലഭ്യമാകുന്ന വിവരങ്ങൾ അധികൃതർക്ക് കൈമാറും. ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കും.

നിരീക്ഷണം ശക്തമാക്കും

ഈശ്വരപ്രസാദ്

സംസ്ഥാന സെക്രട്ടറി

എ.ബി.വി.പി

ലഹരിയോട് വിടപറയാം യുവത്വത്തിന് എന്നപേരിൽ പ്രചാരണ പരിപാടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. അത് കേരളം മുഴുവൻ സജീവമാക്കും. ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നതിനും മുൻഗണന നൽകും. ക്യാമ്പസിൽ ലഹരിയെത്തുന്ന ഉറവിടങ്ങൾ തകർക്കുക അതിപ്രധാനമെന്നാണ് എ.ബി.വി.പി കരുതുന്നത്. ക്യാമ്പസുകൾ,ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാനും കോളേജ് അധികൃതരെയും പൊലീസിനെ ഉൾപ്പെ‌ടെ അറിയിക്കാനും കൂട്ടായ ശ്രമം നടത്തും. ബോധവത്കരണം,പ്രതിരോധം എന്നിവയ്ക്ക് പ്രാധാന്യം നൽകും. ലഹരിക്ക് പകരം സർഗാത്മകമായ കാര്യങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന പരിപാടികൾ ആവിഷ്കരിക്കും.

പ്രത്യേക വാട്സ്ആപ്പ് നമ്പർ ഒരുക്കി

പി.കെ.നവാസ്

സംസ്ഥാന പ്രസിഡന്റ്

എം.എസ്.എഫ്

ക്യാമ്പസിലെ ലഹരി ഉപയോഗവും ഉറവിടവും കണ്ടെത്തുന്നതിന് പ്രത്യേക വാട്സ്ആപ്പ് നമ്പർ ഒരുക്കിയിട്ടുണ്ട്. ഇവയിൽ ലഭിക്കുന്ന വിവരങ്ങൾ പൊലീസ്,എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഇത്തരത്തിൽ 40ലേറെ വിവരങ്ങൾ കൈമാറി. ക്യാമ്പസിലേക്ക് ലഹരിയെത്തുന്ന ഉറവിടം കണ്ടെത്തി തകർക്കുകയാണ് ലക്ഷ്യം. വിവരങ്ങൾ നൽകുന്നവർക്ക് 5000 രൂപ പാരിതോഷികവും നൽകുന്നു. വാട്സ്ആപ്പ് നമ്പർ 8547525356.

യുദ്ധം ലഹരിക്കെതിരെ എന്ന പ്രചാരണപരിപാടി ക്യാമ്പസുകളിൽ തുടരുകയാണ്. അടുത്ത അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിലെ ഒരുവാരം മുഴുവൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലേക്ക് ലഹരി വരുന്നത് തടയാൻ അതിർത്തികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കുന്നതിനായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. ചെറിയ അളവിൽ ലഹരിവസ്തുക്കൾ പിടികൂടിയാൽ രക്ഷപെടാമെന്ന നിയമത്തിലെ പഴുതടയ്ക്കാൻ സർക്കാരുകളോട് ആവശ്യപ്പെടും.

തയ്യാറാക്കിയത് എം.എസ്.സജീവൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEADERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA