SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.42 AM IST

കണ്ടത് സുകുമാരക്കുറുപ്പിനെത്തന്നെ: വിവരങ്ങൾ ചോദിച്ചതിന് പിന്നാലെ അപ്രത്യക്ഷനായി, വെളിപ്പെടുത്തി നഴ്സ്

sukumara-kurupp
സുകുമാരക്കുറുപ്പ് (ഫയൽ ചിത്രം)​,​ മൊഴി നൽകിയ നഴ്സ് രത്നമ്മ

തിരുവനന്തപുരം: ചാക്കോവധക്കേസ് ക്രൈം ബ്രാഞ്ച് പുനഃപരിശോധിക്കുകയാണ്. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ച് താൻ സുകുമാരക്കുറുപ്പിനെ കണ്ടെന്ന ഹരിപ്പാട് സ്വദേശിനിയായ നഴ്‌സ് രത്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും പരിശോധിക്കുന്നത്. 1988ൽ ജാർഖണ്ഡിലെ ബൊക്കാറോ ജനറൽ ഹോസ്പിറ്റലിലെ ഐസിയുവിലാണ് താൻ സുകുമാരകുറുപ്പിനെ കണ്ടതെന്നാണ് രത്നമ്മയുടെ വെളിപ്പെടുത്തൽ.

'ജോഷി എന്ന പേരിലാണ് അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഞാൻ അന്ന് ബൊക്കാറോ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്നു. ഐസിയുവിൽ ഡ്യൂട്ടിയുലുണ്ടായിരുന്ന സീനിയേഴ്സ് ഹോസ്റ്റലിൽ വന്ന് ഇങ്ങനെ ഒരാൾ അഡ്മിറ്റ് ആയിട്ടുണ്ടെന്ന് പറയുകയായിരുന്നു. മെഡിക്കൽ ഹിസ്റ്ററി അന്വേഷിച്ച കൂട്ടത്തിലാണ് ഭാര്യ നഴ്സാണെന്നും വിവിധ ഭാഷകൾ അറിയാമെന്നും വെളിപ്പെടുത്തിയത്. നെഞ്ചിലുണ്ടായ അണുബാധയെ തുടർന്നാണ് അയാൾ ചികിത്സ തേടിയത്. വിവരങ്ങൾ കേട്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രിയിലെത്തി രോഗിയെ നേരിട്ട് കാണുകയാണ് ചെയ്തത്.'- രത്നമ്മ പറഞ്ഞു

1984ൽ ചാക്കോ വധം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചെറിയാനാട്ടുകാരിയായ രത്നമ്മ സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ടിരുന്നു. ആശുപത്രിയിൽ വച്ച് കാണുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് താൻ അയാളെ കണ്ടിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. ഐസിയുവിൽ കാണുന്ന സമയത്തും നീളമുള്ള താടിയും മുടിയുണ്ടായിരുന്നു. കണ്ടത് സുകുമാരക്കുറുപ്പാണെന്ന് ഉറപ്പാണെന്ന് രത്നമ്മ പറഞ്ഞു

തന്റെ വീട് ചെങ്ങന്നൂർ ചെറിയനാട് ആണെന്ന് പറഞ്ഞപ്പോൾ ആ വ്യക്തിയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടായി. കൂടാതെ ചെറിയനാട് ശിവശങ്കരക്കുറുപ്പിന്റെ വീടിനടുത്താണ് താമസിക്കുന്നത് എന്ന് പറഞ്ഞപ്പോൾ വ്യക്തമായ ഭാവമാറ്റം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് ശിവശങ്കരക്കുറുപ്പ്. തുടർന്ന് ഒന്നും അയാൾ സംസാരിച്ചില്ല. അപ്പോൾ തന്നെ തനിക്ക് ആ വ്യക്തി സുകുമാരകുറുപ്പാണെന്ന് ഉറപ്പായിരുന്നുവെന്നും രത്നമ്മ പറഞ്ഞു.

'സംശയം തോന്നിയെങ്കിലും അന്ന് പൊലീസിനെ അറിയിച്ചിരുന്നില്ല. ഡിപ്പാർട്മെന്റിൽ ഇയാൾ ക്രിമിനലാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് അന്നുതന്നെ മാറ്റിയിരുന്നു. തുടർന്ന് അല്പസമയത്തിനുള്ളിൽ അയാളെ കാണാതാകുകയായിരുന്നു.'- രത്നമ്മ പറഞ്ഞു. ആ സംഭവത്തിന് ശേഷം വാർഷികാവധിക്ക് നാട്ടിലെത്തിയപ്പോൾ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പല തവണ പൊലീസും ക്രൈംബാഞ്ചും മൊഴിയെടുത്തിട്ടുണ്ടെന്നും രത്നമ്മ പറഞ്ഞു.

ഉത്തരേന്ത്യയിലടക്കം സുകുമാരക്കുറുപ്പിനെ കണ്ടതായി നിരവധി പേർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇന്റർപോൾ ലോകമാകെ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ചാക്കോവധക്കേസ് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്.

English Summary

The Kerala Crime Branch has reopened the investigation into fugitive Sukumara Kurup based on a fresh statement by retired nurse Rathnamma from Harippad. She claimed she saw Kurup in 1988 at the ICU of Bokaro General Hospital in present-day Jharkhand, where he was admitted under the name "Joshi" for a chest infection.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARA KURUP, SUKUMARA KURUP LATEST NEWS, SUKUMARA KURUP CASE, SUKUMARA KURUP MALAYALAM, NURSE REVEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA