
തൃശൂർ : മേൽവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ കടക്കാൻ അനുവദിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും കണ്ണ് തുറക്കാത്തവരുണ്ടെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ദേവസ്വം ബോർഡുകൾ പരിഷ്‌കൃതമായ തീരുമാനമെടുക്കാൻ തയ്യാറാകണം. മേൽവസ്ത്രം ഊരൽ അവസാനിപ്പിക്കുക, താന്ത്രികവിദ്യ പഠിച്ചിട്ടുള്ള എല്ലാ വിഭാഗങ്ങളിൽ നിന്നും ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പൂജാരിമാരെ നിയമിക്കുക, ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ സംവരണ നിയമം പാലിച്ച് നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ ആചാര പരിഷ്‌കരണ പ്രാർത്ഥനാ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് പ്രാർത്ഥനാ യാത്ര നടത്തി. 21ന് മലബാർ ദേവസ്വം ബോർഡിലേക്ക് ആചാര പരിഷ്‌കരണ പ്രാർത്ഥനാ യാത്ര നടത്തും. ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും സ്‌കൂളിലും കോളേജിലും ഇപ്പോഴും 95 ശതമാനം ജോലികളും സവർണ വിഭാഗം കൈയടക്കി വച്ചിരിക്കുകയാണ്. ഇതിന് മാറ്റം വരണം. ക്ഷേത്രങ്ങളിലെ വരുമാനത്തിൽ കൂടുതലും നൽകുന്നത് പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങളിൽ നിന്നുള്ളവരിൽ നിന്നാണ്. ഇത് കൈയടക്കുന്നത് ചില സവർണ സമുദായക്കാരാണെന്നും സ്വാമി കൂട്ടിച്ചേർത്തു.
പ്രാർത്ഥനാ യാത്ര കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ സമാപിച്ചു. ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി കെ.മനോജിന് നിവേദനം കൈമാറി. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര രജിസ്ട്രാർ ടി.കെ.സുകുമാരൻ, ആചാര പരിഷ്‌കരണയാത്ര ജനറൽ കൺവീനർ കെ.യു.വേണുഗോപാൽ, എ.പി.ബാലൻ, പി.കെ.സാബു, രാജേഷ് സഹദേവൻ, ബാബു പള്ളിയാമാക്കൽ, സഞ്ജു കാട്ടുങ്ങൽ, സത്യൻ പന്തത്തല, പി.എൻ.പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |