SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

പട്ടാള ക്യാമ്പിലെ ആനക്കൊമ്പ് കൊള്ള: അന്വേഷണം ആവി

ivory

ഉന്നത പട്ടാള ഉദ്യോഗസ്ഥൻ സംശയമുനയിലായതോടെ അന്വേഷണം നിലച്ചു

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ടു കോടിയുടെ ആനക്കൊമ്പുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ പൊലീസ് അന്വേഷണം ആവിയായി. ഫെബ്രുവരി 11ന് മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡി.ജെ പാർട്ടിക്കിടെയാണ് ആനക്കൊമ്പുകൾ കവർന്നത്. സൈനികരും കരാറടിസ്ഥാനത്തിലുള്ള സുരക്ഷാ ജീവനക്കാരും ഡിജെ പാർട്ടിക്ക് ലൈറ്റ്, സൗണ്ട്, കാറ്ററിംഗ് സൗകര്യങ്ങളൊരുക്കിയവരും അടക്കം 50ലേറെപ്പേരെ ചോദ്യം ചെയ്തു. എല്ലാവരുടെയും വിരലടയാളങ്ങളും ഫോൺ വിളികളും പരിശോധിച്ചു. ഒരു തുമ്പും കിട്ടിയില്ലെന്നാണ് പൊലീസ് ആവർത്തിക്കുന്നത്.

കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാ പരിശോധനയുള്ള മേഖലയിൽ 100കിലോ ഭാരമുള്ള ആനക്കൊമ്പുകൾ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല. ആ വഴിക്കുള്ള അന്വേഷണത്തിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും സംശയിക്കാവുന്ന ചില വിവരങ്ങൾ പൊലീസിന് കിട്ടിയത്. കവർച്ച നടന്ന 11ന് അർദ്ധരാത്രി മദ്രാസ് റെജിമെന്റിന് പിന്നിലെ കാടു മൂടിയ സ്ഥലത്ത് നിന്ന് ഇവർ പുറത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. ഉത്തരേന്ത്യക്കാരനായ ഉന്നത ഉദ്യോഗസ്ഥനിലേക്ക് സംശയം നീണ്ടതോടെ അന്വേഷണം ഉഴപ്പിയെന്നാണ് ആക്ഷേപം.

സൈന്യത്തിന് നാണക്കേടുണ്ടാക്കിയ കവർച്ചയെക്കുറിച്ച് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ച നടന്ന 2-മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി പാങ്ങോട് ക്യാമ്പിലെ മറ്റൊരു റെജിമെന്റായ ഗഡ്‌വാൾ റൈഫിൾസിലെ ഉദ്യോഗസ്ഥരെയും സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തുന്നത്. .

പുറത്തു കൊണ്ടു

പോയിട്ടില്ലെന്ന്

ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തു കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസും സൈന്യവും ചേർന്ന് പട്ടാള ക്യാമ്പിന്റെ പരിസരം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ചതുപ്പുകളും തോടുകളുമുള്ള കാടു പിടിച്ചു കിടക്കുന്ന പട്ടാള ക്യാമ്പിന്റെ വളപ്പിലാകെ പരിശോധിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷണത്തിനും അതിക്രമിച്ചു കടക്കലിനും 7വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഡെപ്യൂട്ടി കമ്മിഷണർ തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA