
കൊളംബോ: ശ്രീനാരായണഗുരുദേവൻ രണ്ടാംതവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കൊളംബോയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം അശോക ബുദ്ധാരാമം ചീഫ് ബുദ്ധിസ്റ്റ് വിഭാവെരത്ന തേറോ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയോട് സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ഗ്രന്ഥം ശ്രീനാരായണഗുരു സൊസൈറ്റി ഒഫ് ശ്രീലങ്ക വൈസ് പ്രസിഡന്റ് സുരേന്ദ്രമാധവനു നൽകി വിഭാവെരത്ന തേറോ പ്രകാശനം ചെയ്തു.
ശതാബ്ദി ആഘോഷം ശ്രീലങ്കൻ മുൻമന്ത്റിയും എം.പിയുമായ മനോ ഗണേശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു സൊസൈറ്റി ഒഫ് ശ്രീലങ്ക പ്രസിഡന്റ് രാഹുലൻ അദ്ധ്യക്ഷത വഹിച്ചു. ബുദ്ധസന്യാസി ദേഹിക ഖണ്ഡിക പ്രജ്ഞാനസുമംഗലതേറോ മുഖ്യപ്രഭാഷണവും സ്വാമി ബോധേന്ദ്രതീർത്ഥ അനുഗ്രഹപ്രഭാഷണവും നടത്തി. ശ്രീനാരായണഗുരു ബെസ്റ്റ് ഡിസൈപ്പിൾ വേൾഡ് അവാർഡ് എം.പി മനോ ഗണേശൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് നൽകി. വ്യവസായിയും ശ്രീലങ്കയിലെ ശ്രീനാരായണ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുരേന്ദ്രൻ മാധവനു ശ്രീനാരായണഗുരു ശ്രേഷ്ഠ പുരസ്കാരവും നൽകി.
ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ചെയർമാൻ എസ്.സുവർണകുമാർ, ശ്രീനാരായണഗുരു സൊസൈറ്റി ഒഫ് ശ്രീലങ്ക ജനറൽസെക്രട്ടറി ജ്ഞാനപ്രകാശം, ട്രഷറർ ദിനേഷ് കുമാർ, സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ സെക്രട്ടറി എസ്.സതീശൻ, ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ പ്രസിഡന്റ് വിശ്വനാഥൻ രാജ്ഘോട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ബുദ്ധസന്യാസി അനാഗാരികൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുമന്ദിരത്തിൽ സമൂഹാർച്ചനക്കും പ്രാർത്ഥനയും സർവ്വൈശ്വര്യപൂജയും നടന്നു. ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ബിസിനസ് മീറ്റ് ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |