SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ചീഫ് സെക്രട്ടറിയോട് വിജിലൻസ് ട്രൈബ്യൂണൽ: അഴിമതിക്കാരെ സ്വന്തം വകുപ്പ് ശിക്ഷിക്കേണ്ട,​ കേസുകളെല്ലാം ട്രൈബ്യൂണലിന് വിടണം

vijilance

തിരുവനന്തപുരം: അഴിമതിക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ അതത് വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കേണ്ടെന്നും വിചാരണയ്ക്കായി വിജിലൻസ് ട്രൈബ്യൂണലുകൾക്ക് കൈമാറണമെന്നും ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണലുകൾ കത്തെഴുതി. നാമമാത്രമായ കേസുകൾ എത്തുന്ന വിജിലൻസ് ട്രൈബ്യൂണുകളുടെ പ്രവർത്തനം തുടരണമോ എന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലാണിത്.

നിലവിൽ ട്രൈബ്യൂണലിലേക്ക് കേസുകൾ കൈമാറാതെ, വകുപ്പുതലത്തിൽ അന്വേഷണം നടത്തി ഒതുക്കുകയോ ലഘുനടപടിയെടുക്കുകയോ ആണ് ചെയ്യുന്നത്. നടപടി വൈകിപ്പിച്ച് അഴിമതിക്കാർക്ക് സുഖമായി വിരമിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് വിജിലൻസ് ട്രൈബ്യൂണലുകൾ. രണ്ടിടത്തുമായി 80 കേസുകളാണുള്ളത്. രണ്ടെണ്ണം വിചാരണാഘട്ടത്തിലാണ്. 2021ന് മുമ്പുള്ള കേസുകളെല്ലാം തീർപ്പാക്കി. വിജിലൻസ് കോടതികളിൽ 40വർഷം വരെയുള്ള കേസുകൾ കെട്ടിക്കിടക്കുമ്പോഴാണ് ട്രൈബ്യൂണലുകളിലെ അതിവേഗ നടപടികൾ. രണ്ടിടത്തും ജില്ലാജഡ്ജിമാരാണ് ട്രൈബ്യൂണൽ. കേന്ദ്രവിജിലൻസ് ട്രൈബ്യൂണലിന്റെ മാതൃകയിലാണ് സംസ്ഥാനത്തും പ്രവർത്തനം. ഇതിനായി പ്രതിവർഷം രണ്ടുകോടിയോളം രൂപ സംസ്ഥാന സർക്കാർ ചെലവാക്കുന്നുണ്ട്.

വകുപ്പുതല മറിമായം​

വിജിലൻസ് ട്രൈബ്യൂണലിൽ അതിവേഗ വിചാരണയും ശിക്ഷയും ഉറപ്പായതിനാൽ ഉന്നത ഉദ്യോഗസ്ഥർ കേസുകൾ ട്രൈബ്യൂണലുകൾക്ക് കൈമാറാതെ വകുപ്പുതലത്തിൽ തീർപ്പാക്കുകയാണ് പതിവ്. അച്ചടക്കനടപടി തീരുമാനിക്കാൻ വകുപ്പുകൾ സ്വന്തംനിലയിൽ ഉദ്യോഗസ്ഥനെ നിയമിക്കും. അഴിമതിക്കാരുടെ ഭാഗംകേട്ടശേഷം മിക്കതിലും അവർക്ക് അനുകൂലമായ തീരുമാനമെടുക്കുകയാണ് പതിവ്. ട്രൈബ്യൂണലുകളിൽ കേസുകൾ കുറവാണെന്ന ഹൈക്കോടതി പരാമർശമുണ്ടായ സാഹചര്യത്തിൽ, കേസുകളെല്ലാം കൈമാറണമെന്ന് രണ്ട് ട്രൈബ്യൂണലുകളിലെയും ജഡ്ജിമാർ ചീഫ്സെക്രട്ടറിയെ നേരിൽകണ്ടും അറിയിക്കും. ട്രൈബ്യൂണലുകൾക്കെതിരായ ഹൈക്കോടതി പരാമർശം നീക്കിയെടുക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കാനും സാദ്ധ്യതയുണ്ട്. പാലക്കാട് സ്വദേശിയുടെ ഹർജിയിൽ, ട്രൈബ്യൂണലുകളുടെ ഭാഗംകേൾക്കാതെയും നോട്ടീസ് നൽകാതെയുമാണ് ഹൈക്കോടതി പരാമർശമെന്നും ട്രൈബ്യൂണലുകൾ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA