
തിരുവനന്തപുരം: 50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ ആലോചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, കടുത്ത പ്രതിഷേധം ജനങ്ങളിൽ നിന്നുണ്ടാവുമെന്ന ആശങ്കയും ശക്തമാണ്.
റോഡുകളുടെ പട്ടിക, ടോൾ തുക എന്നിവ നിർദേശിക്കാൻ കിഫ്ബി പഠനം ആരംഭിച്ചിട്ടുണ്ട്. പഠനറിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കും.
ടോൾ ബൂത്തുകൾ സജ്ജമാക്കി യാത്രചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള ഫീസ് ഏർപ്പെടുത്താനാണ് ആലോചന. തദ്ദേശ വാസികൾക്ക് ടോളുണ്ടാകില്ല. ടോൾ പിരിക്കാൻ നിയമ നിർമ്മാണം വേണമെന്ന നിർദ്ദേശം നേരത്തെ മന്ത്രിസഭയിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്ന കിഫ്ബി വെട്ടിലായിരുന്നു.
കിഫ്ബിയിലും ടോൾ വ്യവസ്ഥയുണ്ട്
കിഫ്ബിയുടെ ചട്ടങ്ങളിൽ ഇത്തരം നടപടികൾ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. ടോൾ പിരിക്കേണ്ടത് അത്യാവശ്യമെന്ന് കിഫ്ബി സർക്കാരിനെ അറിയിച്ചതായാണ് വിവരം. ദേശീയ പാത അതോറിട്ടിക്കുളള ടോൾ വരുമാനം കിഫ്ബി ചൂണ്ടിക്കാട്ടി. ഇന്ധന സെസും മോട്ടർ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്.
മന്ത്രിസഭ അംഗീകാരം നൽകിയേക്കില്ല
ടോൾ പിരിക്കൽ മന്ത്രിസഭ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവാണ്. ടോൾ പിരിക്കുന്നതിനെതിരെ സി.പി.എം നിലപാട് എടുത്തിട്ടുണ്ട്. അതിൽ മാറ്റം വന്നാലും സി.പി.ഐ എതിർക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ സർക്കാർ നിർമ്മിച്ച കിഫ്ബി പാതകൾ
റോഡുകൾ.......................................223
പാലങ്ങൾ.......................................... 57
ഫ്‌ളൈ ഓവറുകൾ........................... 15
അടിപ്പാത............................................. 1
ആകെ ചെലവ്............................ 18,445 കോടി രൂപ
'കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല".
- കെ.എൻ. ബാലഗോപാൽ, ധനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |