
തിരുവനന്തപുരം: കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ അനുബന്ധമായി സംസ്ഥാനത്ത് പട്ടികവർഗക്കാർക്കായി നടപ്പാക്കിയ ട്രൈബൽ പ്ലസിൽ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മുടങ്ങിയ കൂലി കുടിശിക അനുവദിച്ചു. 21,660 ആദിവാസി കുടുംബങ്ങൾക്ക് ആറുമാസമായി ലഭിക്കാതിരുന്ന 6.56 കോടി രൂപയാണ് വിതരണം ചെയ്തു തുടങ്ങിയത്. ഓണത്തിന് അവർക്കിത്
ആശ്വാസമായി. പട്ടികവർഗ വകുപ്പാണ് തുക അനുവദിച്ചത്. കൂലിക്കുടിശിക സംബന്ധിച്ച വാർത്ത കഴിഞ്ഞ ഞായറാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെയാണ് മുഴുവൻ കുടിശികയും അനുവദിക്കാൻ നടപടിയായത്.
പണിയെടുത്ത് 15 ദിവസത്തിനകം കൂലി നൽകണമെന്നിരിക്കെയാണ് ഇക്കാര്യത്തിൽ അലംഭാവമുണ്ടായത്. കൂലിക്കായി ആറുമാസമായി തൊഴിലാളികൾ പഞ്ചായത്തുകൾ കയറിയിറങ്ങുകയായിരുന്നു. പണമില്ലെന്നും തത്കാലം പകുതി നൽകാമെന്നുമുള്ള ആലോചനയിലായിരുന്നു സർക്കാർ തലത്തിൽ. എന്നാൽ കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ ഫയൽ നീക്കം വേഗത്തിലാക്കി മുഴുവൻ തുകയും അനുവദിക്കുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ ഒരു സാമ്പത്തിക വർഷം ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങളാണ് ലഭിക്കുന്നത്. പട്ടികവർഗക്കാർക്ക് 100 തൊഴിൽ ദിനങ്ങൾ അധികം നൽകാനാണ് സംസ്ഥാന സർക്കാർ 2018ൽ ട്രൈബൽ പ്ലസ് പദ്ധതി ആരംഭിച്ചത്. അധിക ദിനങ്ങളുടെ കൂലി സംസ്ഥാനമാണ് നൽകുന്നത്.
''കുടിശികയുണ്ടായിരുന്ന മുഴുവൻ തുകയും അനുവദിച്ചു. തൊഴിലാളികൾക്ക് പണം ലഭിച്ചു തുടങ്ങി
-നിസാമുദ്ദീൻ. എ, ഡയറക്ടർ,
തൊഴിലുറപ്പ് മിഷൻ
ആറൻമുള ഉത്രട്ടാതി
ജലോത്സവം 18ന്
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18ന് പമ്പാനദിയിൽ നടക്കും. എ,ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫിയും ആടയാഭരണങ്ങൾ,അലങ്കാരങ്ങൾ,പാട്ട് തുടങ്ങിയവ വിലയിരുത്തി ആർ. ശങ്കർ സുവർണ ട്രോഫിയും സമ്മാനിക്കും. 18ന് രാവിലെ 9.30ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. 1.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്,ജോർജ് കുര്യൻ,സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,വി.എൻ. വാസവൻ,മുഹമ്മദ് റിയാസ്,സജി ചെറിയാൻ,റോഷി അഗസ്റ്റിൻ,പി. പ്രസാദ്,വീണാ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
സ്കൂളുകൾ ഇന്ന് അടയ്ക്കും
തിരുവനന്തപുരം : ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും. ഇന്ന് ഓണാഘോഷത്തിനുശേഷം അടയ്ക്കുന്ന സ്കൂളുകൾ 23ന് തുറക്കും. ജലവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധിയായിരുന്നതിനാൽ പരീക്ഷ നടന്നിരുന്നില്ല. ആ പരീക്ഷകൾ ഇന്ന് നടക്കും. ഈ സ്കൂളുകളിൽ അവധിക്ക് ശേഷമാകും ഓണാഘോഷം.
സത്യസായി ഓർഫനേജ് ട്രസ്റ്റ് ഇനി സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ്
തിരുവനന്തപുരം : ജീവകാരുണ്യ പ്രവർത്തന രംഗത്ത് മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഇനി മുതൽ ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് എന്നറിയപ്പെടും. ആഗോളാടിസ്ഥാനത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകൾക്കും പാൻ കാർഡ് നമ്പരിനും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
* രക്ഷാകർതൃ അധികാരം വിനിയോഗിച്ച് ഉത്തരവ് *
പെൺമക്കളുടെ സംരക്ഷണച്ചുമതല
അമ്മയ്ക്ക് നൽകി ഹൈക്കോടതി
കൊച്ചി: മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന പെൺമക്കളെ താൻ ജോലി ചെയ്യുന്ന യു.എ.ഇയിൽ എത്തിച്ച് സംരക്ഷിക്കാനും പഠിപ്പിക്കാനുമുള്ള തടസങ്ങൾ നീക്കണമെന്ന തൃശൂർ സ്വദേശിനിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂലവിധി. കോടതിയുടെ രക്ഷാകർതൃ അധികാരം വിനിയോഗിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്. ഭർത്താവ് കുട്ടികളെ കാണാനെത്തിയാൽ തടയരുതെന്നും കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച് കുടുംബകോടതി ഉത്തരവുണ്ടായാൽ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |