SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

കോഴ്സുകൾ പുതുക്കാൻ യു.ജി.സി നിർദ്ദേശം തൊഴിലിന് പറ്റിയ സിലബസ് വരും

vc

തിരുവനന്തപുരം:തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ സർവകലാശാലകളിലെ വിവിധ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കും.ജോലിക്കും ഉപരിപഠനത്തിനുമുള്ള ആദ്യ അവസരം തന്നെ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലായിരിക്കുമത്.ഭാഷയിലും തൊഴിലിലും നൈപുണ്യം ലഭിക്കുന്ന തരത്തിൽ കോഴ്സുകൾ പരിഷ്കരിക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.

നാലുവർഷ ബിരുദ കോഴ്സുകളിൽ പുതിയ സിലബസാണെങ്കിലും പല പി.ജി കോഴ്സുകളിലും പഴയതാണ്.കാലിക്കറ്റ് സർവകലാശാലയിലെ 45കോഴ്സുകളിൽ 25എണ്ണത്തിന്റെയും സിലബസ് യു.ജി.സി മാനദണ്ഡപ്രകാരം പരിഷ്കരിച്ചിട്ടില്ല.ബി.എ എൽ എൽ.ബിയുടെ സിലബസ് അവസാനം പരിഷ്കരിച്ചത് 2011ലാണെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തിയിരുന്നു.

ബി.എ, ബി.എസ്‌‌സി,ബി.കോം, എം.കോം എം.എ, എം.എസ്‌‌സി കോഴ്സുകളുടെ സിലബസും കാലാകാലങ്ങളിൽ പരിഷ്കരിച്ചിട്ടില്ലെന്നും അടുത്തിടെ നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നു.കേരളസർവകലാശാലയിൽ 28 കോഴ്സുകളുടെ സിലബസ് എട്ടു മുതൽ 13വർഷം വരെയായിട്ടും പുതുക്കിയിട്ടില്ലെന്ന് സി.എ.ജി നേരത്തേ കണ്ടെത്തിയിരുന്നു.

 'സ്വയം' പോർട്ടലിലെ കോഴ്സുകളും വരും

നൈപുണ്യപരിശീലനത്തിന് ആയിരക്കണക്കിന് കോഴ്സുകളുള്ള 'സ്വയം' പോർട്ടലിലെ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന തരത്തിൽ സിലബസ് പരിഷ്കരിക്കാനാണ് യു.ജി.സി നിർദ്ദേശം.കോഴ്സുകളുടെ പട്ടികയും യു.ജി.സി കൈമാറി.പി.ജി കോഴ്സുകളുടെ ഘടനയും സിലബസും പരിഷ്കരിക്കാനും പഠനവകുപ്പുകളിലെ സ്കൂളുകളിലെ കോഴ്സുകൾ പുനഃസംഘടിപ്പിക്കാനും കേരള സർവകലാശാല ബഡ്ജറ്റിൽ പണം വകയിരുത്തി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിസ്റ്റംസ്, നാനോസയൻസ്, സൈബർസെക്യൂരിറ്റി, ക്ലൈമറ്റ് സയൻസ്, ബയോഇൻഫോമാറ്റിക്സ്, ഡേറ്റാ അനാലിസിസ് എന്നിവയിലടക്കം പഠന-ഗവേഷണ വകുപ്പുകളിൽ 40 ഒരുവർഷ പി.ജി കോഴ്സുകൾ ആരംഭിക്കും.നാലുവർഷ ബിരുദം പൂർത്തിയാക്കിയവർക്കുള്ളതാണ് ഈ പി.ജി കോഴ്സുകൾ.

''എല്ലാ രണ്ടുവർഷം കൂടുമ്പോൾ സിലബസ് മാറ്റേണ്ടതാണ്. തൊഴിലിന് പറ്റിയ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം സിലബസിൽ ഉൾപ്പെടുത്തേണ്ടി വരും. പുതിയ അറിവുകൾ ഉൾപ്പെടുത്തി കാലാനുസൃതമായി സിലബസ് മാറ്റും.''

-ഡോ.മോഹനൻ കുന്നുമ്മൽ

വൈസ്ചാൻസലർ,

കേരള യൂണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA