
ആലപ്പുഴ: സമഗ്രശിക്ഷ കേരളയിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഡെപ്യുട്ടേഷനിൽ വന്ന അണ്ടർ സെക്രട്ടറി തലത്തിലെ ആറ് ഉദ്യോഗസ്ഥർ പൊതുഭരണവകുപ്പിലേക്ക് തിരികെ പ്രവേശിക്കാൻ സർക്കാർ ഉത്തരവിട്ടു. ഭരണകക്ഷി യൂണിയന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം, കാസർകോട്, ആലപ്പുഴ, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സമഗ്ര ശിക്ഷ കേരളയുടെ അക്കൗണ്ട്സ് ഓഫീസർമാരായി ജൂലായ് അഞ്ചിന് നിയമനം ലഭിച്ചവരാണിവർ.ശനിയാഴ്ച നിയമനം പിൻവലിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മനേഷ് മോഹൻ, ജെ.ജസ്റ്റിൻ ജോയ്, റെറ്റി പി.തോമസ്, എ.അജിത് കുമാർ, വി.കെ.ഷഹാൻ, പി.സിമി ആന്റണി എന്നിവർ ഇന്ന് പൊതുഭരണവകുപ്പിൽ തിരികെ പ്രവേശിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്ഥാനക്കയറ്റം നൽകുന്ന തസ്തികയിലേക്ക് ആദ്യമായാണ് ഡെപ്യുട്ടേഷൻ നിയമനം നടത്തിയതെന്നും രഹസ്യമായാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ച് എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. സമഗ്രശിക്ഷ കേരളയുടെ ആലപ്പുഴ ഓഫീസിൽ നിയമനം ലഭിച്ച ഉദ്യോഗസ്ഥയെ തുടർച്ചയായി മൂന്ന് ദിവസം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞുവച്ചിരുന്നു. പൊലീസ് സുരക്ഷയിലാണ് ഇവർക്ക് ജോലിക്ക് കയറാനായത്. പല ജില്ലകളിലും സമാനമായിരുന്നു സ്ഥിതി. സമഗ്ര ശിക്ഷ കേരളയുടെ ഡയറക്ടർ പൊതുഭരണ സെക്രട്ടറിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡെപ്യുട്ടേഷൻ നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |