SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

100 കോടിയുടെ ഭൂമി സൗജന്യമായി സ്വകാര്യ സംരംഭകർക്ക് നൽകാൻ കേരള യൂണിവേഴ്സിറ്റി

p

തിരുവനന്തപുരം: സ്വകാര്യ സംരംഭകരുമായി ചേർന്നുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സയൻസ് പാർക്കിനായി 100കോടി രൂപ മൂല്യമുള്ള പത്ത് ഏക്കർ ഭൂമി സൗജന്യമായി നൽകാൻ കേരള സർവകലാശാല. കാര്യവട്ടം ക്യാമ്പസിലെ ഭൂമി നൽകാനാണ് സിൻഡിക്കേറ്റിന്റെ നീക്കം. പാർക്കിനായി അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്. നേരത്തേ സാങ്കേതിക സർവകലാശാല, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവയ്ക്ക് ആസ്ഥാനം നിർമ്മിക്കാൻ ഭൂമി വിട്ടുനൽകാനാവില്ലെന്ന് സർവകലാശാല നിലപാടെടുത്തിരുന്നു. 2014 ൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രതിവർഷം ഒരു കോടി രൂപ പാട്ട വ്യവസ്ഥയിൽ 37 ഏക്കർ ഭൂമി 30 വർഷത്തേക്ക് നൽകിയിരുന്നു. പത്തുവർഷമായി പാട്ടത്തുക കുടിശികയാണ്. സിൻഡിക്കേറ്റ് യോഗത്തിലാണ് അംഗങ്ങൾ ഭൂമി കൈമാറാനുള്ള താത്പര്യം സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചത്. സയൻസ് പാർക്കിനായി കൊച്ചിയിൽ എഫ്.എ.സി.ടിയുടെയും കണ്ണൂരിൽ കിൻഫ്രയുടെയും ഭൂമിയാണ് ഏറ്റെടുക്കുന്നത്. എഫ്.എ.സി.ടിയുടെ ഭൂമി 100 കോടി രൂപയ്ക്ക് സർക്കാരാണ് വാങ്ങിനൽകുന്നത്. ഭൂമി നൽകാൻ സന്നദ്ധതയറിയിച്ച് രജിസ്ട്രാർ സർക്കാരിന് കത്ത് നൽകി. സയൻസ് പാർക്കിന്റെ ഭരണസമിതി അദ്ധ്യക്ഷൻ വൈസ്ചാൻസലർ ആയിരിക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പ്രതിനിധ്യം വേണമെന്നും വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനുള്ള സൗകര്യം നൽകണമെന്നുമുള്ള നിബന്ധനകളും വേണ്ടെന്നുവച്ചിട്ടുണ്ട്. വിട്ടുകൊടുക്കുന്ന സ്ഥലത്തുള്ള ക്വാർട്ടേഴ്സുകൾ ക്യാമ്പസിൽ മറ്റൊരു സ്ഥലത്ത് ഫ്ലാറ്റ് മാതൃകയിൽ നിർമ്മിക്കാനാണ് തീരുമാനം. വൈസ്ചാൻസലറുടെ എതിർപ്പ് തള്ളിയാണ് ഭൂമികൈമാറാനുള്ള നീക്കം. ഭൂമികൈമാറ്റം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA