
#സഭയിൽ വാക്കൗട്ട്
തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ 14 മാസം വരെ കുടിശികയായെന്നും 31 ക്ഷേമനിധി ബോർഡുകളിൽ 15ഉം ഗുരുതര പ്രതിസന്ധിയിലാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പെൻഷന് പുറമെ വിവാഹ, പ്രസവ ആനുകൂല്യങ്ങൾ വർഷങ്ങളായി നൽകുന്നില്ലെന്നും സർക്കാർ തൊഴിലാളികളെ മറന്നതായും അടിയന്തര പ്രമേയ നോട്ടീസവതരിപ്പിച്ച എം.വിൻസെന്റ് പറഞ്ഞു.
എന്നാൽ ക്ഷേമനിധി ബോർഡുകളിൽ മൂന്നു മാസത്തെ പെൻഷൻ കുടിശിക മാത്രമാണുള്ളതെന്നും അടുത്ത വർഷം കുടിശിക കൊടുത്തുതീർക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകി. നിയമസഭയിൽ മന്ത്രിമാർ പലപ്പോഴായി നൽകിയ മറുപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം. ക്ഷേമനിധി ബോർഡുകളിൽ ഒരു കോടിയിലേറെ തൊഴിലാളികളുണ്ട്. 2200കോടി പെൻഷൻ കുടിശികയാണ് ബോർഡുകളിലുള്ളത്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 14 മാസത്തെ 1392 കോടി കുടിശികയാണ്. ബോർഡിൽ 20ലക്ഷം പേരുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ കുടിശിക 493 കോടിയാണ്. ആറു വർഷമായി അടച്ച അംശദായതുക പോലും നൽകുന്നില്ല.
കർഷക തൊഴിലാളി ബോർഡിന്റെ ബാദ്ധ്യത 500 കോടിയാണ്. ഈറ്റ, കാട്ടുവള്ളി തൊഴിലാളികൾക്കും കുടിശകയുണ്ട്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രസവ സഹായവും 3മാസത്തെ പെൻഷനും കുടിശികയാണ്. കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 28 കോടി ബാധ്യതയാണ്. 2023 വരെ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് നാലു മാസത്തെയും 2024ൽ വിരമിച്ചവർക്ക് പത്ത് മാസത്തെയും പെൻഷൻ കുടിശികയാണ്. ഖാദി ക്ഷേമനിധി തൊഴിലാളികൾക്ക് 14.61 കോടി നൽകാനുണ്ട്. സമാന സ്വഭാവമുള്ള ബോർഡുകളെ സംയോജിപ്പിച്ച് ചെലവ് കുറയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |