SignIn
Kerala Kaumudi Online
Monday, 01 June 2026 1.58 AM IST

ജീം ഭൂം ബാ ; ഖജനാവ് നിറയ്ക്കാൻ 'വിസ്മയ" വഴി, നികുതി കൂട്ടാതെ വരുമാനം ഒരു ലക്ഷം കോടി ലക്ഷ്യമിടും

READ ENGLISH VERSION

vd-satheeshan-


ഭരണച്ചെലവിലെ ധൂർത്ത് കർശനമായി തടയും
കേന്ദ്രത്തിനെതിരായ കേസുകൾ തുടരില്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ആദ്യബഡ്ജറ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വിസ്മയവഴികൾ തുറക്കാൻ സാദ്ധ്യത. 19നാണ് ബഡ്ജറ്റ്. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ബഡ്ജറ്റിൽ വിസ്മയങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കൂടിയായ വി.ഡി.സതീശൻ പറഞ്ഞിരുന്നു.

ചെലവുകുറച്ച് മിച്ചം പിടിക്കുകയും ചെലവുകുറയ്ക്കാതെ ക്രയവിക്രയം കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വഴികളാണ് ബഡ്ജറ്റിൽ പൊതുവേ സ്വീകരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമാണ് വി.ഡി.സതീശന്റെ സമീപനം. ധവളപത്രം പുറത്തിറക്കി പുതിയ നടപടികൾക്ക് ജനപിന്തുണ ഉറപ്പാക്കും.

നികുതി വർദ്ധനവിന് സാദ്ധ്യതയില്ല. നികുതി വരുമാനം കാര്യക്ഷമമാക്കി നിലവിലെ 86,000കോടിയിൽ നിന്ന് ഒരുലക്ഷം കോടിയിലെത്തിക്കും. ഒന്നരലക്ഷം കോടിയുടെ സ്വർണവ്യാപാരം നടക്കുന്ന കേരളത്തിലെ സ്വർണനികുതി ചോർച്ച തടഞ്ഞ് വരുമാനം അഞ്ചിരട്ടിയോളം വർദ്ധിപ്പിക്കും.

ശമ്പളപെൻഷൻപരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളും നിലനിറുത്തികൊണ്ട് തന്നെ ഭരണചെലവുകൾ പരിഷ്കരിച്ച് സാമ്പത്തിക അച്ചടക്കംപാലിക്കും.

കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി പരമാവധി കേന്ദ്രപദ്ധതികൾ ക്രമീകരിച്ച് കൂടുതൽ കേന്ദ്രഗ്രാന്റും സഹായവും നേടിയെടുക്കും. കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയിലെ കേസിൽ നിന്ന് പിൻമാറിയേക്കും. അതുവഴി വായ്പാപരിധിയിൽ ഇളവിന് ശ്രമിക്കും. കിഫ്ബി പരിഷ്കരിച്ച് വരുമാനമുള്ള പദ്ധതികളിലേക്ക് വഴിതിരിക്കും. ദീർഘകാലവരുമാനത്തിന് കൂടുതൽ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കും. ടൂറിസത്തിന് പുതിയ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചേക്കും. സമുദ്രമിഷൻ പോലുള്ള ദീർഘകാലപദ്ധതികൾ കൊണ്ടുവരും.

നികുതിചോർച്ച തടയാൻ

ആനുകൂല്യം പ്രഖ്യാപിക്കും

# മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യന്ത്രസാമഗ്രികൾ അടക്കമുള്ളവയ്ക്ക് അവിടെ ഐ.ജി.എസ്.ടി ഈടാക്കുന്നുണ്ട്. അതിന്റെ വിഹിതം കേന്ദ്രത്തോട് ചോദിക്കാത്തതിനാൽ പലപ്പോഴും കിട്ടാതെപോകുന്നു. ഇവിടെ അതു കൈപ്പറ്റുന്ന സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ അവർക്ക് ആനുകൂല്യങ്ങൾ നൽകാനാണ് നീക്കം.

#മുൻപ് വി.എസ്.എസ്.സി ഹൈദരാബാദിൽ നിന്ന് ലോഹടണൽ വാങ്ങിയത് സർക്കാരിനെ അറിയിച്ചിരുന്നു. അതിന്റെ നികുതി വിഹിതമായി 400 കോടിയാണ് ചോദിച്ചുവാങ്ങിയത്. ഇത്തരത്തിൽ എല്ലാ സ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചാൽ 25,000കോടിയോളം രൂപയുടെ അധികവരുമാനം ഉണ്ടാകും.

ക്ഷേമബോർഡുകൾ

സംയോജിപ്പിക്കും

# ക്ഷേമബോർഡുകൾ സംയോജിപ്പിച്ച് ഭരണച്ചെലവ് കുറയ്ക്കും. രാഷ്ട്രീയക്കാരുടെ ലാവണമായ ബോർഡുകളിൽ ചെയർമാൻതൊട്ട് താഴോട്ടുള്ള സർവസംവിധാനവും നിലനിറുത്താൻ കോടികളാണ് ചെലവാകുന്നത്. ഇക്കാര്യത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ കർശന നിലപാടെടുക്കും.

കേന്ദ്ര വിഹിതത്തിൽ

20,000കോടി നഷ്ടം

അധികാരത്തിൽ നിന്ന് ഇറങ്ങിപോകുന്നതിന് മുമ്പ് ഇടതുസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ

ധനകാര്യകമ്മിഷന്റെ വിഹിതമായി 14,000കോടിയും നികുതി വിഹിതത്തിൽ 42,000കോടിയും അധികവരുമാനം 2026- 27 സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ധനകാര്യകമ്മിഷൻ വിഹിതം 14,000കോടി കിട്ടിയില്ല. നികുതി വിഹിതം 42,000കോടിയിൽ നിന്ന് 36,555കോടിയായി കുറയുകയും ചെയ്തു. നഷ്ടം 20,000കോടി.

#വരാനിരിക്കുന്ന വമ്പൻ ചെലവുകൾ

*ശമ്പളപെൻഷൻ പരിഷ്കരണം

*ക്ഷേമപെൻഷൻ 3,000രൂപയാക്കി വർദ്ധിപ്പിക്കൽ

*വനിതകൾക്ക് സൗജന്യബസ് യാത്ര

*5ലക്ഷം പലിശരഹിത ബിസിനസ് വായ്പ

*വിദ്യാർത്ഥിനികൾക്ക് 1,000രൂപ സഹായം

*ഉമ്മൻചാണ്ടി ആരോഗ്യഇൻഷ്വറൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA