
തിരുവനന്തപുരം: മില്ലുടമകളുടെ ഏജന്റുമാരും സർക്കാരും ചേർന്ന് നെൽകർഷകരെ പറ്റിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോേയി. കോട്ടയത്ത് രണ്ടു കിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്ക് ഒത്താശ ചെയ്തത് സർക്കാരാണ്. 17 ദിവസം നെല്ല് കെട്ടിക്കിടന്നതിന്റെ ഗതികേടു കൊണ്ടാണ് ഇതിന് കർഷകർ തയ്യാറായത്. പതിരില്ലാത്ത നെല്ലിന് ഈ വർഷം രണ്ടു കിലോ കിഴിവ് വരുത്തിയെങ്കിൽ ഇനിയുള്ള വർഷങ്ങളിൽ മൂന്നും അഞ്ചും കിലോ കിഴിവ് കൊണ്ടുവരുമെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ഫെബ്രുവരി 28 വരെ സംഭരിച്ച നെല്ലിന്റെ കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്നു അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ഡിസംബർ 20 വരെയുള്ള തുക നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക ഉടൻ കർഷകരുടെ അക്കൗണ്ടുകളിലെത്തും. കോട്ടയത്തെ പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന നെല്ല് സംഭരിച്ചു തുടങ്ങി. രണ്ടു കിലോ കിഴിവ് കർഷകർ അംഗീകരിക്കാതിരുന്നതാണ് സംഭരണം വൈകാൻ കാരണം. നല്ലൊരു ശതമാനം കർഷകരും ഇത് അംഗീകരിച്ചതോടെയാണ് സംഭരണം തുടങ്ങിയത്. സബ്‌സിഡി ഇനത്തിൽ കേന്ദ്രം 1032 കോടി രൂപ നൽകാനുണ്ട്. എല്ലാ ജില്ലകളിലും നെല്ല് സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നടക്കം നിബന്ധനകൾ ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത് കേരളത്തിൽ നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണ വില കേന്ദ്രം ഉയർത്തിയപ്പോൾ സംസ്ഥാനം നൽകുന്ന തുക ആനുപാതികമായി കുറച്ചതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ആരോപിച്ചു. കേന്ദ്രം നൽകിയിരുന്ന 19 രൂപ 23 രൂപയാക്കിയപ്പോൾ സംസ്ഥാനത്തിന്റെ 9രൂപ 5.2 രൂപയാക്കി. . സർക്കാർ മില്ലുടമകൾക്ക് ഒപ്പമാണോ അതോ കർഷകർക്ക് ഒപ്പമാണോയെന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |