SignIn
Kerala Kaumudi Online
Tuesday, 14 July 2026 11.18 AM IST

വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം നാളെ

READ ENGLISH VERSION

vietnam-victims
വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ. ഫോട്ടോ : നിശാന്ത് ആലുകാട്

തിരുവനന്തപുരം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.നോർക്ക പ്രതിനിധികളും കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാർ അന്തിമോപചാരം അർപ്പിച്ചു. നോർക്ക ഏർപ്പെടുത്തിയ ആംബുലൻസുകളിലാണ് മൃതദേഹം കൊട്ടാരക്കരയിൽ എത്തിക്കുക.

നാളെ വൈകിട്ട് നാലുമണിക്ക് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ കഴിഞ്ഞദിവസം മൃതദേഹം മുംബയ് വിമാനത്താവളത്തിൽ എത്തിച്ചിരുന്നു.മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

vietnam-victims-1
എ.വി.തോമസിന്റെ സഹോദരൻ എ.സി.വർഗീസിനെ കൊടിക്കുന്നിൽ സുരേഷ് എം.പിയും, മന്ത്രി പി.സി.വിഷ്ണുനാഥും ചേർന്ന് ആശ്വസിപ്പിക്കുന്നു. മന്ത്രി സി.പി. ജോൺ സമീപം. ഫോട്ടോ : നിശാന്ത് ആലുകാട്

ബോട്ടപകടത്തിൽ 15 ഇന്ത്യക്കാരാണ് മരിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട 15 പേർ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്. അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്റ്റനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ക്യാപ്‌റ്റന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു അറസ്റ്റ്. ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നുണ്ട്.


English Summary

The bodies of A.V. Thomas (57) and Louni Thomas (56), a Kottarakkara couple who died in a boat accident near Phu Quoc island, Vietnam, arrived at Thiruvananthapuram airport today. State ministers and an MP received the remains. NORKA coordinated their transfer for interment in Kottarakkara tomorrow. The accident claimed 15 Indian lives, and the boat's captain was arrested.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIETNAM BOAT TRAGEDY, MALAYALI COUPLE, VIETNAM ACCIDENT, KERALA NEWS, VIETNAM BOAT TRAGEDY MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA