SignIn
Kerala Kaumudi Online
Wednesday, 24 June 2026 12.08 PM IST

വയനാട് പുനരധിവാസം: കേന്ദ്രം 529 കോടി നൽകി

READ ENGLISH VERSION
wayanad-disaster

തിരുവനന്തപുരം: ഏറെ വിവാദത്തിനിടയായ വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത മേഖലയിലെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ ഒടുവിൽ 529 കോടി കൈമാറി. സ്പെഷ്യൽ ധനസഹായം എന്ന പേരിൽ കാപ്പക്സ് പദ്ധതിയിൽ ഉൾപ്പെടുത്തി പലിശയില്ലാതെ അരനൂറ്റാണ്ടിനുശേഷം തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് സഹായം നൽകിയത്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനു പിന്നാലെ 9നാണ് കേന്ദ്രസഹായമെത്തിയത്. മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കണമെന്ന കേന്ദ്രനിർദ്ദേശം പാലിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

400ഓളം പേർ മരിക്കുകയും 1,600പേർ വഴിയാധാരമാകുകയും ചെയ്ത ദുരന്തത്തിൽ 1,202കോടിയുടെ നഷ്ടമുണ്ടായെന്നും പുനരധിവാസത്തിന് 2,000കോടിയോളം ചെലവാകുമെന്നും സംസ്ഥാനം റിപ്പോർട്ട് നൽകിയിരുന്നു. സവിശേഷ ദുരന്തമായി കണക്കാക്കി കേന്ദ്രസഹായം അനുവദിക്കണമെന്നായിരുന്നു ആവശ്യം. വിശദമായ റിപ്പോർട്ട് നൽകണമെന്നും തുക അനുവദിച്ചാൽ 2026 മാർച്ച് 31ന് പൂർത്തിയാക്കണമെന്നും കേന്ദ്രം പിടിവാശി കാട്ടി. ദുരന്തത്തിനിരയായവരുടെ വായ്പകൾ എഴുതിതള്ളണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിച്ചിരുന്നില്ല.

കേരളം നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 529.50കോടി അനുവദിക്കാൻ കേന്ദ്രം തത്വത്തിൽ സമ്മതിച്ചതോടെയാണ് ടൗൺഷിപ്പ് പദ്ധതിക്ക് വേഗതയുണ്ടായത്. ആദ്യഘട്ടത്തിൽ 351കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയും 324കോടിക്ക് സാങ്കേതിക അനുമതിയും നൽകി. ഒടുവിൽ 299കോടിയാണ് പദ്ധതിക്ക് അന്തിമാനുമതി നൽകിയത്. കിഫ്ബിയുടെ ഉപ കമ്പനിയായ കിഫ്കോണിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമ്മാണ കരാർ. നെടുമ്പാല, എൽസ്റ്റൽ എസ്റ്റേറ്റുകളിലെ 64.47ഹെക്ടർ ഭൂമിയിൽ 410 വീടുകളാണ് നിർമ്മിച്ചത്. ദുരന്തത്തിനിരയായവരുടെ വായ്പ ഒഴിവാക്കാനുള്ള 18.75കോടിയുടെ ബാദ്ധ്യത സംസ്ഥാനസർക്കാർ ഏറ്റെടുത്തു. അതിജീവന സഹായം സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരന്തസഹായ നിധിയിൽ നിന്ന് നൽകി. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് വയനാടിന് മാത്രമായി 773.98കോടി സംഭാവനയായി ലഭിച്ചിരുന്നു.

കേന്ദ്ര സഹായം

(തുക കോടിയിൽ )

പൊതുകെട്ടിടങ്ങൾ നിർമ്മിക്കാൻ-111.32

തൊഴിൽ സൗകര്യം- 15

ജലവിതരണസൗകര്യം- 72.98

ആശുപത്രി- 5.83

വെള്ളാർമല സ്കൂളിന്- 5.34

വീട്,റോഡ്, തുടങ്ങിയവയ്ക്ക്- 330.94

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA