SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

വയനാട് തുരങ്കപാത നി‌ർമ്മാണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

wayanadu

ന്യൂഡൽഹി: വയനാട് തുരങ്കപാത കേരളത്തിന്റെ ജീവനാഡിയാകുമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, അതിന്റെ നിർമ്മാണം തടയണമെന്ന ഹർജി തള്ളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണസമിതിയാണ് ഹർജി നൽകിയത്. എന്നാൽ, പ്രഥമദൃഷ്‌ട്യാ നടപടിക്രമങ്ങളുടെ ലംഘനമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര വിദഗ്ദ്ധ വിലയിരുത്തൽ സമിതി കൃത്യമായ പഠനം നടത്തിയ ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. സമിതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ റബർ സ്റ്റാമ്പായിട്ടല്ല, സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. സാങ്കേതിക കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം കോടതിക്ക് മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. വയനാട് തുരങ്കപാതയ്‌ക്ക് ദേശീയ പ്രാധാന്യമുണ്ട്. കേരളത്തിലെ ജനങ്ങളുടെ യാത്രയ്‌ക്ക് ആശ്വാസമാകുന്ന ജീവനാഡിയായി പദ്ധതി മാറും. സംസ്ഥാനത്തെ ഭൂമിയേറ്റെടുക്കലിനുള്ള ബുദ്ധിമുട്ടുകളും ഗതാഗതകുരുക്കും കണക്കിലെടുക്കുമ്പോൾ ഈ പദ്ധതി അനിവാര്യമാണ്. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും, അവിടുത്തെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സഹായിക്കും. തങ്ങൾ വിഷയത്തിൽ ഇടപെട്ടാൽ പദ്ധതി വൈകാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കി.

 ഹരിത ട്രൈബ്യൂണലിന് ഇടപെടാം

വിദഗ്ദ്ധസമിതി യാന്ത്രികമായി പരിശോധിച്ചല്ല പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർശന ഉപാധികൾ വച്ചിട്ടുണ്ട്. അവ പാലിച്ചാൽ മതിയാകും. നിർമ്മാണഘട്ടത്തിൽ പാരിസ്ഥിതിക ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹർജിക്കാർക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത തരത്തിലാണ് നിർ‌മ്മാണമെന്ന് ഉറപ്പാക്കാൻ ട്രൈബ്യൂണലിന് ആവശ്യമെങ്കിൽ സ്വതന്ത്ര നിരീക്ഷകനെ നിയമിക്കാവുന്നതേയുള്ളുവെന്നും കോടതി കൂട്ടിച്ചേർത്തു. സംഘടന സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA