SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

വന്യജീവിയാക്രമണത്തിൽ നഷ്ടപരിഹാരം വാക്കിലൊതുങ്ങി,​ കണ്ണീരിൽ മുങ്ങി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

READ ENGLISH VERSION
p

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലിയത്ത് ഇബ്രാഹിമിന്റെ മകൻ അമർ ഇലാഹിയുടെ (22) കുടുംബത്തിന് ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം കിട്ടിയില്ല. ഡിസംബർ 29ന് ഇടുക്കി മുള്ളരിങ്ങാടാണ് സംഭവം നടന്നത്. അമറിന്റെ മൃതദേഹവുമായി രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അടിയന്തര സഹായമായി നാല് ലക്ഷം രൂപ നൽകിയിരുന്നു. ശേഷിക്കുന്ന ആറു ലക്ഷം രൂപയ്ക്കായി നിർദ്ധന കുടുംബം വനംവകുപ്പ് ഓഫീസ് കയറിയിറങ്ങുകയാണ്. ഇത്തരത്തിൽ അറുന്നൂറിലേറെ അപേക്ഷകളിലായി നാലു കോടിയോളം രൂപയാണ് കുടിശികയുള്ളതെന്ന് വനംവകുപ്പുതന്നെ വ്യക്തമാക്കുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവും വ്യക്തമായ രേഖകൾ സമർപ്പിക്കാത്തതുമാണ് വനംവകുപ്പ് പറയുന്ന ന്യായങ്ങൾ.

കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്താകെ വന്യജീവി ആക്രമണങ്ങളിൽ തൊള്ളായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗം പേരുടെയും കുടുംബങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇരകളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിരജോലിയും ലഭിച്ചിട്ടില്ല. ചില കുടുംബങ്ങൾക്ക് കിട്ടിയത് അടിയന്തരസഹായമായി നൽകിയ അമ്പതിനായിരം രൂപ മാത്രമാണ്. മൂന്നാർ ഡിവിഷനിൽ കാട്ടാനയാക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശിനി പരിമളം(44), കോയമ്പത്തൂർ സ്വദേശിപോൾ രാജ് (73), ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) തുടങ്ങിയവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ മാത്രമാണ് കിട്ടിയത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഒരു മാസം മുമ്പ് നിയമസഭയിൽ വച്ച കണക്കുപ്രകാരം 2016 മുതൽ 2024 വരെയുള്ള കാലയളവിൽ 909 പേർ വന്യജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ ജീവിതം പൂർണ്ണമായും കിടക്കയിലായ നിരവധി പേരുണ്ട്. 2024 ഫെബ്രുവരി 26ന് രാത്രി കന്നിമല ടോപ് ഡിവിഷനിൽ ഓട്ടോറിക്ഷയ്ക്ക് നേരെയുണ്ടായ കാട്ടാനയാക്രമണത്തിൽ ഡ്രൈവർ സുരേഷ് കുമാർ (46) കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ യാത്രികരായിരുന്ന എസക്കിരാജ്, ഭാര്യ റജീന, മകൾ കുട്ടിപ്രിയ എന്നിവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും കിട്ടിയില്ല.

പണം കിട്ടാൻ കടമ്പളേറെ
വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് അടിയന്തരമായി 50,000 രൂപയാണ് നൽകുക. വില്ലേജ് ഓഫീസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷം രൂപയും താലൂക്ക് ഓഫീസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും അനുവദിക്കാറുണ്ട്. എന്നാൽ, ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഏറെ സമയമെടുക്കും. മുമ്പ് വില്ലേജ് ഓഫീസിൽ നിന്ന് നൽകുന്ന കുടുംബാംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമായിരുന്നു.

നഷ്ടപരിഹാരം കൂട്ടണം

വന്യജീവിയാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റാൽ ഒരു ലക്ഷവുമാണ് നിലവിൽ അനുവദിക്കുക. ഈ തുക ദുരന്തനിവാരണ നിധികൂടി ഉൾപ്പെടുത്തി വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഇതു സംബന്ധിച്ച് വനംവകുപ്പ് സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA