
തിരുവനന്തപുരം: അഞ്ചുനാൾ അടുപ്പണയാത്ത പാചകപ്പുരയ്ക്ക് രുചിപ്പെരുമയുടെ മേൽനോട്ടവുമായി പഴയിടം മോഹനൻ നമ്പൂതിരി ഇന്നലെ തലസ്ഥാനത്തെത്തി. പഴയിടം കലോത്സവത്തെ ഊട്ടി തുടങ്ങിയിട്ട് 25 വർഷം തികയുന്നവെന്ന പ്രത്യേകതയുമുണ്ട്. രാവിലെ ഏഴിന് പഴവങ്ങാടി ഗണപതിക്ക് തേങ്ങയടിച്ചായിരുന്നു തുടക്കം. രാവിലെ പത്തിന് ഊട്ടുപുരയുടെ പാലുകാച്ചിനെത്തിയ എല്ലാവരെയും ചക്കയും ഗോതമ്പും ചേർത്ത പായസം നൽകി പഴയിടം സ്വീകരിച്ചു.
കേരളത്തിൽ ചക്ക കിട്ടാനില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്ന് 50 കിലോ ചക്കയെത്തിച്ച് വസതിയിൽ തയാറാക്കിയ പായസവുമായാണ് അദ്ദേഹം പാലുകാച്ചിനെത്തിയത്. ഒരുദിവസത്തെ ഭക്ഷണത്തിന് 35,000 പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും എത്രപേർ വന്നാലും വിശപ്പടക്കാതെ അയയ്ക്കില്ലെന്നും പഴയിടം പറഞ്ഞു. കഴിഞ്ഞവർഷത്തെ കലോത്സവത്തിന് പഞ്ചതന്ത്ര പായസം വിളമ്പിയ പഴയിടത്തിൽനിന്ന് രുചിയുടെ പുതിയ പായസതന്ത്രങ്ങൾ പ്രതീക്ഷിക്കാം. അഞ്ച് ദിവസവും ഓരോതരം പായസം പ്രതീക്ഷിക്കാമെന്ന് പറഞ്ഞ പഴയിടം ആദ്യദിനമായ ഇന്ന് വിളമ്പുന്ന പാലട മാത്രമാണ് വെളിപ്പെടുത്തിയത്.
ഇന്നലെ അത്താഴം വിളമ്പിയാണ് ഊട്ടുപുര പ്രവർത്തനമാരംഭിച്ചത്. ആദ്യ ദിനമായ ഇന്ന് പുട്ടും കടലയുമാണ് പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് 12 കറികളും പായസവും ഉൾപ്പെടെയാണ് സദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |