
തിരുവനന്തപുരം: ഉറ്രസുഹൃത്ത് ഹരിഹർദാസിന്റെ പ്രചോദനത്തിൽ ഹയർ സെക്കൻഡറി വിഭാഗം തായമ്പകയിൽ എ ഗ്രേഡോടെ കൊട്ടിക്കയറുമ്പോഴും അനന്തകൃഷ്ണന്റെയും സംഘത്തിന്റെയും മുഖം തെളിഞ്ഞിരുന്നില്ല. അച്ഛന്റെ മരണമറിയാതെ തങ്ങൾക്കൊപ്പം നിന്ന ഹരിഹർദാസിനെ ഓർത്ത് അവർ പറഞ്ഞു 'ഈ ജയം ഹരിക്കുള്ളതാണ്".
ശനിയാഴ്ച ഉച്ചയ്‌ക്കാണ് കോട്ടയം കൊടുങ്ങൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസിലെ കലോത്സവ ടീം തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. പ്ലസ്ടു വിദ്യാർത്ഥിയും കൊടുങ്ങൂർ സ്വദേശിയുമായ ഹരിഹർദാസിന്റെ അച്ഛൻ അയ്യപ്പദാസ് ഏറ്റുമാനൂർ വച്ച് വാഹനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഘത്തിലുണ്ടായിരുന്ന അദ്ധ്യാപകർ അറിഞ്ഞത്. തുടർന്ന് ഇന്ന് ഓടക്കുഴൽ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഹരിഹർദാസുമായി അവർ കോട്ടയത്തേക്ക് മടങ്ങി. മുത്തശിക്ക് സുഖമില്ലെന്നാണ് ഹരിയോട് പറഞ്ഞത്.
കഴിഞ്ഞവർഷം സംസ്ഥാന തലത്തിൽ ഓടക്കുഴലിൽ ഹരി എ ഗ്രേഡ് നേടിയിരുന്നു. ഇന്നലെ രാവിലെ ചെണ്ടക്കോൽ എടുക്കും മുമ്പ് കൂട്ടുകാർ ഹരിയുടെ കാര്യം അദ്ധ്യാപകരോട് തിരക്കി. മുത്തശിക്ക് സുഖമില്ലെന്നും ഉച്ചയോടെ ഹരി മടങ്ങിയെത്തുമെന്നും പറഞ്ഞ് അദ്ധ്യാപകരെഅവർ സമാധാനിപ്പിച്ചു. ഹരി തിരിച്ചെത്തിയെന്നും ഓടക്കുഴൽ മത്സരത്തിൽ പങ്കെടുത്ത ശേഷം ചെണ്ടമേളം നടക്കുന്ന പൂജപ്പുര സാംസ്‌കാരിക കേന്ദ്രത്തിലേക്ക് വരുമെന്നുമാണ് അവർ വിശ്വസിച്ചിരുന്നത്. മത്സര ശേഷമാണ് അദ്ധ്യാപകൻ സത്യം വെളിപ്പെടുത്തിയത്. അജയ്പ്രസാദ്, കൗശിക്, അനന്തകൃഷ്ണൻ, ശങ്കർ, അക്ഷയ്, അമ്പാടി എന്നിവരാണ് തായമ്പക സംഘത്തിലുള്ളത്.
അയ്യപ്പദാസിന്റെ മരണം രക്തം വാർന്ന്
മിമിക്രി കലാകാരനായ അയ്യപ്പദാസ് കലോത്സവവേദികളിലും ഹരിക്കൊപ്പം എത്തുമായിരുന്നു.
ഏറ്റുമാനൂരിൽ ബൈക്ക് തെന്നി തലയിടിച്ച് രക്തം വാർന്ന് ഒരുമണിക്കൂറോളം അയ്യപ്പദാസ് റോഡിൽ കിടന്നു. ഇന്നലെ മൃതദേഹം സംസ്‌കരിച്ചു. ഹരിയുടെ അമ്മ പ്രതിഭ. സഹോദരി അഗ്രിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |