
കാസർകോട് വെള്ളരിക്കുണ്ട് കടുമേനിയിലെ കാടുകൾ വെട്ടിത്തെളിച്ച് പാപ്പിനി വീട്ടിൽ ബിന്ദു ഒരുക്കിയത് ഏകമകൻ പത്താം ക്ലാസുകാരൻ സച്ചു സതീഷിന് (15) നൃത്ത വേദിയിലേക്കുള്ള വഴിയാണ്. മലയോര പ്രദേശത്തെ വീടുകളിലെ കാട് തെളിച്ചും തൊഴിലുറപ്പ് ജോലി ചെയ്തും ലഭിക്കുന്ന വരുമാനം സ്വരുക്കൂട്ടിയാണ് ഗോത്ര വർഗമായ മലവേട്ടുവ വിഭാഗത്തിൽ നിന്ന് ശാസ്ത്രീയ നൃത്തത്തിലേക്ക് ബിന്ദു സച്ചുവിനെ കൈപിടിച്ചുയർത്തിയത്. ഐ.എ.എസ് എന്ന സച്ചുവിന്റെ വലിയ മോഹത്തിനും ബിന്ദു എന്ന അമ്മയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തടസങ്ങളില്ല. ഗോത്ര വിഭാഗത്തിൽ നിന്ന് ശാസ്ത്രീയ നൃത്തവേദിയിലെ ഏക താരമാണ് സച്ചു.
ഒന്നാം ക്ലാസ് മുതൽ സച്ചു സ്കൂൾ നൃത്ത വേദികളിൽ സജീവമായിരുന്നു. നാലാം ക്ലാസിൽ പഠിക്കവേ കൂലിപ്പണിക്കാരനായ സച്ചുവിന്റെ അച്ഛൻ സതീഷ് ഹൃദയാഘാതത്താൽ മരണപ്പെട്ടു. എങ്കിലും കൂലിപ്പണിയെടുത്തും മകന്റെ നൃത്തപഠനം തുടരുമെന്ന് ബിന്ദു ഉറപ്പിച്ചു. നൃത്താദ്ധ്യാപകൻ സതീഷ് നീലേശ്വരം ചേർത്തുനിറുത്തി. തൊഴിൽ ചെയ്ത് കൂട്ടിവച്ച പണം കൊണ്ട് ആദ്യമായി മകന് ചിലങ്ക വാങ്ങി നൽകിയ നിമിഷം ബിന്ദുവിനിപ്പോഴും മറക്കാനാവില്ല. കഴിഞ്ഞ വർഷം പലിശയ്ക്ക് കടം വാങ്ങിയാണ് കലോത്സവത്തിനെത്തിയത്. ഈ വർഷം ഊരുകൂട്ടം വഴി അപേക്ഷ നൽകിയതോടെ പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം തുടങ്ങിയ ഇനങ്ങൾക്കുള്ള ആടയാഭരണങ്ങൾ ലഭിച്ചു. പഞ്ചായത്തും സന്നദ്ധ സംഘടനകളും സച്ചു പഠിക്കുന്ന തോമാപുരം സെന്റ് തോമസ് സ്കൂളും ചേർന്ന് യാത്രാ ചെലവിനുള്ള സാമ്പത്തിക സഹായവും നൽകി. നൃത്തത്തോടൊപ്പം പഠനത്തിലും മുന്നിലാണ് സച്ചു. ഐ.എ.എസ് ആണ് ലക്ഷ്യം. ബിന്ദുവിന്റെ ചേച്ചി ലക്ഷ്മിയുടെ വീട്ടിലാണ് സച്ചുവിന്റെയും അമ്മയുടെയും താമസം. സ്വന്തമായി വീട് വയ്ക്കണമെന്നും തനിക്കായി കഷ്ടപ്പെടുന്ന അമ്മയെ സംരക്ഷിക്കണമെന്നുമാണ് സച്ചുവിന്റെ ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |