
തിരുവനന്തപുരം: കഥ വായിച്ച് ശീലിച്ചാൽ കവിതകൾ എഴുതാൻ സാധിക്കുമോ? അങ്കമാലി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അൽനയുടെ ചോദ്യം. 'കഴിയുമല്ലോ"- തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഋതുപർണയുടെ മറുപടി. 'ഞാൻ കഥകളിലൂടെയാണ് കവിത എഴുത്തിലേക്ക് എത്തിയത്. എം.ടിയുടെ രണ്ടാമൂഴം, മഞ്ഞ്.... എന്നിവ വീണ്ടും വായിക്കുമ്പോൾ പുതിയ കാലത്തിന്റെ കവിത എഴുതാനാകും".
'ശരിയാണ് എം.ടിയുടെ കഥകളിൽ കവിതയുണ്ട്''- കോട്ടയം നെടുങ്കുന്നം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലേന ജോൺസൺ ഋതുപർണയെ പിന്തുണച്ചു. 'എം.ടിയുടെ കുട്ട്യേടത്തി വായിച്ചതിനു ശേഷമാണ് കവിത എഴുതാൻ എനിക്ക് ധൈര്യം കൈവന്നത്"- ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്നേഹ. ഞാൻ എം.ടിയുടെ നാട്ടിൽ നിന്നാണ് വരുന്നത്- കോഴിക്കോട് അവളക്കൂടോത്ത് ജി.എച്ച്.എസ്.എസിലെ അവ്യനന്ദ പറഞ്ഞപ്പോൾ മറ്റ് നാലു പേരും ചോദിച്ചത് ഒറ്റക്കാര്യം 'എം.ടിയെ കണ്ടിട്ടുണ്ടോ?" അതെയെന്ന് അവ്യയുടെ മറുപടി.
അഞ്ചുപേരും ഹയർസെക്കൻഡറി വിഭാഗം കവിതാ മത്സരത്തിൽ പങ്കെടുക്കാനെത്തിയവരാണ്, ഗവ. മോഡൽ സ്കൂളിൽ രണ്ടു മണിക്കൂർ നീണ്ട കവിതാ രചനാ മത്സരത്തിനു ശേഷം ഇവർ പുറത്തെ മരച്ചോട്ടിലേക്ക് നീങ്ങിയപ്പോഴാണ് അക്ഷരങ്ങളാൽ വായനക്കാരുടെ മനസ്സുകളിൽ ചെറുപുഞ്ചിരിയും ഒപ്പം തീക്ഷ്ണയാഥാർത്ഥ്യങ്ങളും പടർത്തിയ എം.ടി. വാസുദേവൻ നായർ അവരുടെ ചർച്ചകളിൽ നിറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |