
സഹ മത്സരാർത്ഥിക്ക് ചമയമൊരുക്കി പ്ലസ് വൺ വിദ്യാർത്ഥി. ഇന്നലെ എച്ച്.എസ് വിഭാഗം തുള്ളൽ വേദിയുടെ അണിയറയിൽ കണ്ടത് സൗഹൃദക്കാഴ്ച മാത്രമല്ല. കലയോടുള്ള ആത്മസമർപ്പണം കൂടിയാണ്. അവിടെ മത്സരമെന്നൊരു വാക്കുണ്ടായിരുന്നില്ല. കാര്യം തിരക്കിയപ്പോൾ ഒരു പ്ലസ് വൺകാരിയിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകൾ. '' ഞങ്ങൾ തുള്ളൽ എന്ന കലയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്"". ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ടപ്പോൾ രണ്ടുപേരുടെയും ഗുരു കലാമണ്ഡലം ഷർമ്മിളയുടെ മുഖത്ത് ആത്മനിർവൃതി.
കാരാപ്പുഴ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ സുകൃത എസ്.നമ്പൂതിരിയാണ് സഹമത്സരാർത്ഥിയായ ആലത്തൂർ സി.വി.എം.എച്ച്.എസ്.എസിലെ അനഘാദാസിന് ചമയമൊരുക്കിയത്. കോട്ടയം ജില്ലയിലെ കാരാപ്പുഴയും പാലക്കാട്ടെ ആലത്തൂരും തമ്മിൽ കിലോമീറ്ററുകളുടെ ദൂരമുണ്ട്. പത്താം ക്ലാസ് വരെ കലാമണ്ഡലത്തിൽ ഒരുമിച്ച് ഒരു തണലിൽ കലാ അദ്ധ്യയനം നടത്തിയവരാണ് ഇരുവരും.
ഹയർസെക്കൻഡറി പഠനത്തിനായി സ്വന്തം ജില്ലകളിലേക്ക് മാറിയ രണ്ടുപേരും സംസ്ഥാന തലത്തിലെത്തിയപ്പോൾ കലാമണ്ഡലത്തിലെ പ്രിയപ്പെട്ട അദ്ധ്യാപിക ഷർമ്മിള തന്നെ ഗുരുവായെത്തി. ഓട്ടൻതുള്ളലിൽ ശരീരഭാഷയുടെ പരിമിതികളെ കലകൊണ്ട് മറികടന്ന് തന്റേതായ ഇടം സൃഷ്ടിച്ച കലാകാരിയാണ് ഷർമിള. ആദ്യ അരങ്ങിലെത്തിയ അക്ഷയ തന്റെ അവതരണം കഴിഞ്ഞ് പുറത്തിറങ്ങി വട്ടമുടിക്കിരീടം ഊരി സുകൃതയ്ക്ക് നൽകി. അത് ഇരുവരുടെയും വിജയക്കിരീടമായി. ഡ്രൈവറായ ദേവദാസന്റെയും ജയന്തിയുടെയും മകളാണ് അക്ഷയ. കോട്ടയം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥൻ സുരേഷ് ബാബുവിന്റെയും സരിതയുടെയും മകളാണ് സുകൃത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |