
തേൻ പാട്ടുമായി ചുരമിറങ്ങിയ രമേശ് മാഷും പിള്ളേരും തിരിച്ച് ചുരം കയറുന്നത് എ ഗ്രേഡുമായി. പത്താം തവണയാണ് നാടൻ പാട്ടിൽ വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ച് രമേശ് മാഷ് വയനാട്ടിലേക്ക് എ ഗ്രേഡുമായി മടങ്ങുന്നത്. ഇത്തവണ വയനാട് ഡബ്ലു.ഒ.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിനികളുമായാണ് എത്തിയത്. വയനാട്ടിലെ ഗോത്ര വിഭാഗമായ ചേലക്കറുപ്പന്മാരുടെ തേൻ പാട്ടുമായാണ് ഇത്തവണ എത്തിയത്.
ചേലക്കറുപ്പന്മാർ തേൻ ശേഖരിക്കാൻ പോകുമ്പോൾ പാടുന്ന പരമ്പരാഗത പാട്ട് പരമ്പരാഗത വസ്ത്രം ധരിച്ച് ജോട്മറെ, ദുബട്ടെ, ബരുടെ, ഗഞ്ചെ തുടങ്ങിയ ഉപകരണങ്ങളോടുകൂടി അവതരിപ്പിച്ചപ്പോൾ ലഭിച്ചത് എ ഗ്രേഡ്. ഇരുപത് വർഷമായി നാടൻ പാട്ട് രംഗത്തുള്ള രമേശ് ദീർഘ സമയം ഗോത്രകലാ രൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചതിന് ഗിന്നസ് റിക്കാഡും, ഗോത്ര വാദ്യങ്ങൾ ഉപയോഗിച്ചതിന് ബെസ്റ്റ് ഒഫ് ഇന്ത്യ വേൾഡ് റെക്കോഡും, അഞ്ച് തവണ സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പും നേടിയിരുന്നു.
പണിയർ, കാട്ടുചോലനായ്ക്കർ, കുറുമ്പർ എന്നിവരുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഈ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നാടൻ പാട്ടായി അവതരിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |