SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

ഇരട്ടകളുടെ വിജയത്തിന് ഏലായ്‌ക്കാ സുഗന്ധം

d

തിരുവനന്തപുരം: വണ്ടൻമേട്ടിലെ തോട്ടത്തിൽ ഏലയ്‌ക്കാ പറിക്കുമ്പോഴും തലസ്ഥാനത്തെ കലോത്സവ വേദിയിലെ ദൃശ്യങ്ങൾ ഈശ്വരന്റെയും വസന്തിയുടെയും മനസിൽ നിറയുകയായിരുന്നു. വസ്‌തു പണയം വച്ചും വായ്പയെടുത്തുമാണ് ഇരട്ടമക്കളായ അഞ്ജലിയെയും ആര്യനെയും വണ്ടൻമേട് കുമാർ സദനത്തിൽ സി. ഈശ്വരനും ഭാര്യ വസന്തിയും മത്സരത്തിനയച്ചത്. ഒപ്പം പോകാനൊരുങ്ങിയെങ്കിലും സാമ്പത്തികം വില്ലനായി. മക്കളെ കലോത്സവത്തിനയച്ചപ്പോൾ ഒന്നര ലക്ഷം രൂപയുടെ ബാദ്ധ്യത.

ഈശ്വരന്റെ പിതൃ സഹോദര പുത്രനും നൃത്താദ്ധ്യാപകനുമായ ഡോ. വി.കുമാറിനൊപ്പമാണ് എട്ടാം ക്ലാസുകാരായ അഞ്ജലി ഈശ്വരനും ആര്യൻ ഈശ്വരനുമെത്തിയത്. ഇരുവരും വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്.എസിലെ വിദ്യാർത്ഥികൾ. അഞ്ജലിക്ക് ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡുണ്ട്. ആര്യന് കുച്ചുപ്പുടിയിൽ എ ഗ്രേഡും, കഥകളിയിൽ ബി ഗ്രേഡും ലഭിച്ചു. ഈ സമയമെല്ലാം ഈശ്വരനും വസന്തിയും ഏലത്തോട്ടത്തിലായിരുന്നു. ഒരുദിവസം പോലും വേണ്ടെന്ന് വെയ്ക്കാനാവാത്ത സ്ഥിതി. രാവിലെ 7.45 മുതൽ വൈകിട്ട് 3.30 വരെ തോട്ടത്തിൽ പണിയുണ്ടാവും. ദിവസവും 500 രൂപയാണ് കൂലി. മോശം കാലവസ്ഥയാണെങ്കിൽ ജോലിയുമുണ്ടാകില്ല.

തുണയായതും ഗുരുവായതും ജ്യേഷ്ഠൻ

നൃത്തം പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിനും സാമ്പത്തികമായിരുന്നു വില്ലൻ. തുടർന്ന് ഡോ. വി.കുമാറാണ് തന്റെ നൃത്ത വിദ്യാലയത്തിലേക്ക് ഇരുവരെയും കൂട്ടിയത്. ഫീസിലടക്കം ഇളവും ലഭിച്ചു. കലോത്സവത്തിനുള്ള ചെലവിന്റെ ഒരു പങ്കും കുമാറാണ് വഹിച്ചത്. 70 വർഷം മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് ഏലം ജോലിക്കായാണ് ഈശ്വരന്റെ പൂർവികർ ഇടുക്കിയിലെത്തിയത്. ഇരട്ടക്കുട്ടികളെ കൂടാതെ ആറ് വയസുകാരി മകൾ അലംകൃത കൂടിയുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദമെടുക്കണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA