SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ദേവാംഗിയും ശ്രേയയും കണ്ടു മേടയിൽ വീടിന്റെ സംഗീതമുറ്റം

kalolsavam

തിരുവനന്തപുരം: സംഗീത തറവാടായ തൈക്കാട്ടെ മേടയിൽ വീടിന്റെ പടികടക്കുമ്പോൾ മനസിൽ എന്തായിരുന്നുവെന്ന് പറയാൻ ദേവാംഗിക്കും ശ്രേയക്കും ഇപ്പോഴുമറിയില്ല. സംഗീതജ്ഞരായ എം.ജി.രാധാകൃഷ്ണനും ഡോ. കെ.ഓമനക്കുട്ടിയും എം.ജി.ശ്രീകുമാറുമെല്ലാം പാടിത്തെളിഞ്ഞ വീട് അവർക്ക് കൗതുകമായി. ഡോ. കെ.ഓമനക്കുട്ടിക്ക് മുന്നിൽ പാടിയതും നെറുകയിൽ അനുഗ്രഹം നേടിയതുമെല്ലാം സ്വരുക്കൂട്ടിയായിരുന്നു മടക്കം.

ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ശാസ്ത്രീയ സംഗീത മത്സരത്തിന് മുമ്പാണ് കണ്ണൂരുകാരി ദേവാംഗി പി.ഹരിയും ഇടുക്കിക്കാരി ശ്രേയ ശ്രീകുമാറും മേടയിലെത്തിയത്. അതിഥികളെ ഡോ. കെ. ഓമനക്കുട്ടി അനുഗ്രഹിച്ച് ചേർത്തുപിടിച്ചു. പാടിയപ്പോൾ തെറ്റ് തിരുത്തിയും ശ്രുതി ചേർത്തും ടീച്ചർ കുട്ടികൾക്ക് ആത്മവിശ്വാസമേകി.
കുട്ടികളുടെ കഠിനാദ്ധ്വാനത്തെ കുറിച്ചറിഞ്ഞപ്പോൾ ഓമനക്കുട്ടി ടീച്ചർ സ്നേഹവാത്സല്യത്തോടെ പറഞ്ഞു - 'ഫലം എന്തായാലും നല്ലപോലെ പരിശ്രമിക്കണം. പഠനം കഴിഞ്ഞാലും സംഗീതം തുടരണം". ടീച്ചറുടെ കാൽ തൊട്ടുവണങ്ങി വഴുതക്കാട് കാർമൽ സ്‌കൂളിലെ വേദിയിൽ മത്സരത്തിനെത്തിയ ഇരുവർക്കും എ ഗ്രേഡും ലഭിച്ചു.

ഒമ്പതാം ക്ലാസുകാരായ ഇരുവരും റിയാലിറ്റിഷോകളിലൂടെയും ശ്രദ്ധേയരാണ്. ദേവാംഗി കണ്ണൂർ പെരളശേരി എ.കെ.ജി.എസ് ഹയർസെക്കൻഡറി സ്‌കൂളിലെയും ശ്രേയ ഇടുക്കി അടിമാലി ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളാണ്.

സംഘഗാനം, സംസ്‌കൃത സംഘഗാനം, സംസ്‌കൃത ഗാനാലാപന വേദികളിലും ദേവാംഗി തിളങ്ങി. സംഘഗാനത്തിലൂടെയും തിരുവാതിരയ്‌ക്ക് പാടിയും ശ്രേയയും കൈയടി നേടി.

വിധിയെഴുതാത്ത ടീച്ചർ

കലോത്സവങ്ങളിൽ വിധികർത്താവാകാൻ ഓമനക്കുട്ടി ടീച്ചർ എന്തേ പോകുന്നില്ലെന്നായിരുന്ന ദേവാംഗിയുടെയും ശ്രേയയുടെയും സംശയം. കുട്ടികളുടെ മനസ് വേദനിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടെന്നായിരുന്നു ടീച്ചറുടെ മറുപടി. ചേട്ടൻ എം.ജി. രാധാകൃഷ്ണന്റെ നിലപാടും ഇതായിരുന്നു. ഒരിക്കൽ സ്‌കൂൾ കലോത്സത്തിലെ വിധി നിർണയത്തിലെ തർക്കം പുനഃപരിശോധിക്കാൻ അവസരമുണ്ടായി. മൈക്ക് തകരാറു കാരണം വയലിൻ മത്സരത്തിൽ ബാലഭാസ്‌കറെന്ന കുട്ടി രണ്ടാമതായ വിഷയമാണ് പരിശോധിച്ചത്. സാങ്കേതിക പ്രശ്നം കുട്ടിയുടെ പിഴവല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാമതെത്തിയ കുട്ടിയെ സംസ്ഥാന കലോത്സവത്തിലേക്കയക്കാൻ തീരുമാവിച്ചത് ഓമനകുട്ടി ടീച്ചറായിരുന്നു. സംസ്ഥാനതലത്തിലെത്തിയ ബാലഭാസ്‌കർ ഒന്നാംസ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA