
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് ഡയറക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കലോത്സവം. അതും ജന്മനാടായ തിരുവനന്തപുരത്ത്. പണ്ട് കലോത്സവവേദികളിൽ കഥാപ്രസംഗത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ദിവ്യ എസ്. അയ്യർക്ക് ഇത് സന്തോഷത്തോടൊപ്പം അഭിമാനം തുളുമ്പുന്ന ദിനങ്ങൾ. സാംസ്കാരിക വകുപ്പ് രൂപീകൃതമായശേഷം ഒരു ഐ.എ.എസ് ഓഫീസർ ഡയറക്ടർ തസ്തികയിലേക്ക് വരുന്നതും ഇതാദ്യം. മത്സരബുദ്ധിക്കുപകരം കലോത്സവത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ ആക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദിവ്യ എസ്.അയ്യർ കേരളകൗമുദിയോട് മനസ് തുറന്നു...
ഐ.എ.എസിൽ പ്രവേശിച്ചപ്പോൾ സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടന്നത് ഇപ്പോഴും ഓർക്കുന്നു. സാംസ്കാരിക വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ കല ജീവിതത്തിന്റെ ഭാഗമായിരുന്നു. വേദികൾ, മത്സരങ്ങൾ, അപ്പീലുകൾ...
കൂടുതൽ കുട്ടികൾ ഇന്ന് കലോത്സവത്തിൽ പങ്കെടുക്കാൻ ഉത്സാഹം കാണിക്കുന്നു. മത്സരിക്കുക, സമ്മാനം വാങ്ങുക എന്നതിലുപരി ഇതൊക്കെ അമൂല്യങ്ങളായ അനുഭവങ്ങളാണെന്ന് മറക്കരുത്. ബാല്യകാലത്ത് നടക്കുന്ന എല്ലാം നമ്മൾ ഓർത്തിരിക്കില്ല. അതിനെ അടയാളപ്പെടുത്തുന്നത് ഇത്തരം വേദികളാണ്. മത്സരത്തിലെ സുഖ, ദുഃഖങ്ങളും കലഹങ്ങളുമാണ് നമ്മളെ നമ്മളാക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല, അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അതങ്ങനെയാണ്.
കല ആയുധമാണ്
ഗോത്രവർഗ കലകൾ കലോത്സവത്തിന്റെ ഭാഗമാകുന്നും ഇത്തവണത്തെ പ്രത്യേകതയാണെന്ന് ദിവ്യ എസ്.അയ്യർ പറയുന്നു. ഓരോ പ്രദേശത്തും മുഖമുദ്രയായ ചില കലകൾ ഉണ്ടായിരിക്കും. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം സാംസ്കാരികമായി കാലാനുസൃതമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ്. കല കേരളത്തിന് സാമൂഹിക പരിഷ്കരണത്തിനുള്ള മാർഗം മാത്രമല്ല. ആയുധം കൂടിയാണ്. വരും തലമുറയ്ക്ക് സാമൂഹികബോധം സൃഷ്ടിക്കാനും വ്യക്തിയെ വളർത്തിയെടുക്കുന്നതിനുമുള്ള മാർഗമാണ്.
കാണിയായെത്തും
തിരക്കുകൾക്കിടയിലും കലോത്സവം കാണാൻ സമയം കണ്ടെത്തും. ചെറുപ്പത്തിൽ കഥാപ്രസംഗത്തിലും സംഗീത ഇനങ്ങളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ആ ഇനങ്ങളൊക്കെ കാണണം. കഥാപ്രസംഗവും മേളവും കാണാനാണ് ആലോചിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |