SignIn
Kerala Kaumudi Online
Saturday, 16 May 2026 12.01 AM IST

'സൗജന്യ യാത്ര സമരം ആവശ്യമില്ലാത്തത്'; ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

bjp

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നടത്തിയ സമരത്തില്‍ ബിജെപിക്കുള്ളില്‍ വിമര്‍ശനം. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ സമരം മണ്ടത്തരമാണെന്നാണ് കോര്‍ കമ്മിറ്റിക്കുള്ളിലെ വിമര്‍ശനം. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പുള്ള സമരത്തെയാണ് വിമര്‍ശിച്ചത്. സമരത്തെ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പത്മജ വേണുഗോപാല്‍, പി.സി ജോര്‍ജ് എന്നീ നേതാക്കള്‍ വിമര്‍ശിച്ചുവെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആണ് സമരം നടത്താനുള്ള തീരുമാനമെടുത്തത്. അതേസമയം, സമരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കമ്മിറ്റിയില്‍ പ്രതികരിച്ചുവെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായി. മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നാണ് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.

കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ വിജയിച്ച വി മുരളീധരനും ബി.ബി ഗോപകുമാറും വര്‍ഷങ്ങളായി ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. നേമത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാകാത്തതിലും വിമര്‍ശനം ഉയര്‍ന്നു. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് നേമത്ത് 22,000ല്‍ അധികം വോട്ടുകളും ഭൂരിപക്ഷമുണ്ടായിരുന്നത് 4000 ആയി കുറഞ്ഞു. 2016ലെ വോട്ടിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടിക്ക് ഇടിവ് സംഭവിച്ചുവെന്നും വിലയിരുത്തി.

കേരളത്തില്‍ 15 സീറ്റിലെങ്കിലും വിജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പല മണ്ഡലങ്ങളിലും ചുമതലക്കാരെ പോലും നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. ചില മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്നവര്‍ അവിടെ വിമതരായി മാറിയെന്നും പാര്‍ട്ടി വിലയിരുത്തി. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും വിമര്‍ശിക്കപ്പെട്ടു. ഉപതിരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയുമായിട്ടല്ല 2021ലെ പൊതുതിരഞ്ഞെടുപ്പിലെ സ്ഥിതിയുമായിട്ടാണ് താരതമ്യം ചെയ്യേണ്ടതെന്നാണ് നേതൃത്വം അഭിപ്രായപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA