
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന് കുരുക്കായത് തിരുവാഭരണം കമ്മിഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ കത്ത്. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടു പോകരുതെന്നായിരുന്നു കത്ത്. ഇത് അന്നത്തെ ബോർഡ് അവഗണിക്കുകയായിരുന്നു. ഗൂഢാലോചന ഉൾപ്പെടെയുള്ളവയിൽ ശക്തമായ തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നതും ഈ കത്താണ്.
ദ്വാരപാലക ശിൽപ്പ പാളികൾ സ്വർണം പൂശാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകാനാണ് പ്രശാന്ത് അദ്ധ്യക്ഷനായ ബോർഡ് യോഗം തീരുമാനിച്ചത്. എന്നാൽ ഇവ പുറത്തു കൊണ്ടുപോകരുതെന്നും ക്ഷേത്രവളപ്പിൽ വച്ചുതന്നെ പണികൾ ചെയ്യണമെന്നും 2024 ഒക്ടോബറിൽ സൂപ്രണ്ട് കത്ത് നൽകിയിരുന്നു. ദേവസ്വം മാന്വലിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കത്ത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനു ശേഷമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയും മുന്നറിയിപ്പ് അവഗണിച്ചും ശില്പപാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് മുൻകൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും നീക്കമുണ്ട്. പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാകും കേസിൽ കുറ്റപത്രം തയ്യാറാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |