
തിരുവനന്തപുരം: മുൻ സർക്കാർ പി.എംശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിടുകയും ഫണ്ട് കിട്ടുകയും ചെയ്തുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒപ്പിട്ടതിനാൽ പദ്ധതിയിൽ തുടരാൻ സംസ്ഥാനം 'കമ്മിറ്റഡ്' ആയി. കാര്യങ്ങൾ വിശദമായി പഠിക്കാനും ഇനി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുന്നതിനമാണ് ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി കള്ളം പറയുന്നു: ഗോവിന്ദൻ
പി.എം ശ്രീയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കളവ് പറയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ സർക്കാർ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. ബി.ജെ.പിക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ കീഴടങ്ങി. എൽ.ഡി.എഫ് സർക്കാർ കത്തയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു കളവാണ്.
തങ്ങൾ അധികാരത്തിലേറിയാൽ പി.എം ശ്രീയെ വച്ചു പൊറുപ്പിക്കില്ലെന്നാണ് വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത്തരം നീക്കങ്ങളെ അറബിക്കടലിലേക്ക് തള്ളുമെന്നാണ് കെ.എം.ഷാജിയെ പോലുള്ളവർ പറഞ്ഞിരുന്നത്. അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ പദ്ധതി നടപ്പിലാക്കുമെന്ന് മാത്രമല്ല വലിയ കളവുകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കളവ് മാത്രം പറയുന്ന പ്രതിപക്ഷ നേതാവെന്ന് പറഞ്ഞിടത്ത് നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയെന്ന് പറയാൻ വിഷമമുണ്ടെങ്കിലും, പറയാതിരിക്കാനാവില്ലെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു.
സതീശനും പിണറായിയും മാപ്പ് പറയണം: കെ. സുരേന്ദ്രൻ
പി.എം.ശ്രീ പദ്ധതി നടപ്പാക്കാതെ നാലു വർഷം പാഴാക്കിയതിന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.പി.എം. ശ്രീ പദ്ധതിയിലൂടെ ഓരോ സ്കൂളിനും കോടിക്കണക്കിന് രൂപയുടെ വികസന സഹായം ലഭിക്കുമായിരുന്നു. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പദ്ധതിയിൽ സംസ്ഥാനം ഉഴപ്പുകയായിരുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
പണം കൈപ്പറ്റിയിട്ടില്ല:ബാലഗോപാൽ
പി.എം.ശ്രീയുടെ ഭാഗമായി കേന്ദ്രസർക്കാരിൽ നിന്ന് ഒരുപണവും സംസ്ഥാനം കൈപ്പറ്റിയിട്ടില്ലെന്ന് മുൻധനമന്ത്രിയും സി.പി.എം.കേന്ദ്രകമ്മിറ്റി അംഗവുമായ കെ.എൻ.ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് പി.എം.ശ്രീയിൽ കേരളം ഒപ്പുവെച്ചു.പിന്നീട് ഇടതുമുന്നണിയുടെ തീരുമാനപ്രകാരം പദ്ധതിയിൽ നിന്ന് പിൻമാറിക്കൊണ്ടുള്ള കത്ത് നവംബർ 12ന് നൽകി.വസ്തുത ഇതായിരിക്കെ, പി.എം.ശ്രീയിൽ നിന്ന് സംസ്ഥാനം പിൻമാറിയിട്ടില്ലെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവന കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും സഹായിക്കാനാണെന്ന് ബാലഗോപാൽ ആരോപിച്ചു.
പി.എം ശ്രീയെസർക്കാർ തലയിലേറ്റുന്നു: എം.സ്വരാജ്
എൽഡിഎഫ് സർക്കാർ നിറുത്തി വച്ച പി.എം ശ്രീ പദ്ധതിയെ പൊടി തട്ടി വീണ്ടുമെടുത്ത് തലയിലേറ്റുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. കോൺഗ്രസ് ജയിക്കുകയും ബി.ജെ.പി ഭരിക്കുകയും ചെയ്യുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം തടഞ്ഞു വച്ച ഫണ്ടിന്റെ ഒരു ഗഡു അനുവദിച്ചതിനെയാണ് പി.എം ശ്രീ പദ്ധതിയുടെ ഫണ്ടെന്ന് പറയുന്നതെന്നും സ്വരാജ് പറഞ്ഞു.
വി.ഡി. സതീശൻ അവസരവാദി : എ.എ. റഹീം
ഏറ്റവും വലിയ അവസരവാദ രാഷ്ട്രീയത്തിന്റെ ആൾ രൂപമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും, നടപ്പിലാക്കാനാകാത്ത വാഗ്ദാനം നൽകിയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയതെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീം എം.പി. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും അതിതീവ്ര വലതുപക്ഷ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ സമര രംഗത്തേക്ക് ഇറങ്ങുമെന്നും എരുമപ്പെട്ടിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം നൽകിയിട്ട്ഓർഡിനറിയിൽ മാത്രമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിയെ എതിർത്ത കോൺഗ്രസും ലീഗും , പിൻമാറുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് പറയുന്നു. കേന്ദ്ര നിയമം മൂലം വാഹനങ്ങളുടെ മോഡിഫിക്കേഷൻ സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും വാക്കു നൽകി യുവാക്കളെ വഞ്ചിച്ചെന്നും റഹീം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |