രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ അധിക്ഷേപപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ തുറന്നടിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. നല്ല ഉദ്ദേശ്യത്തോടെയെന്ന ഭാവത്തിൽ തനിക്ക് മുന്നിലേക്ക് അത്തരം പരാമർശങ്ങളുമായെത്തുന്നവർക്കെതിരെയും താരം പ്രതികരിച്ചു. ഒരാളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റുള്ളവർക്കെന്താണ് അവകാശമെന്നും രൂപത്തിന്റെ പേരിലല്ല ഒരാളുടെ കഴിവ് അളക്കേണ്ടതെന്നും താരം പറഞ്ഞു. ഇനിമുതൽ തന്റെ നേർക്ക് ഇത്തരം പരാമർശങ്ങളുമായെത്തുന്നവർക്ക് നല്ല മറുപടി നൽകുമെന്നും ജുവൽ മേരി കൂട്ടിച്ചേർത്തു.
'നമ്മളെല്ലാം മനുഷ്യരാണ്. എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ശരീരത്തിൽ ഇത്രയും ശ്രദ്ധകൊടുക്കുന്നത്. മറ്റുള്ളവരുടെ ശരീരത്തിനടിയിലെ കൊഴുപ്പിൽ നിങ്ങൾക്കെന്താണ് പ്രശ്‌നം. എന്നെ കാണുന്ന എത്ര പേരാണ് ക്യാഷ്വലായി ഇങ്ങനെ പറയുന്നത്. ബോഡിയൊന്നും നോക്കാറില്ലല്ലേ? അത് വണ്ണം വച്ചത് കണ്ടപ്പൊ മനസിലായി' എന്ന്.
നിങ്ങൾക്ക് എന്നോടുള്ള സ്‌നേഹം എനിക്ക് മനസിലാകും. പക്ഷേ അതൊരിക്കലും എന്റെ ശരീരത്തെക്കുറിച്ച് എന്തും പറയാനുള്ള അവകാശം നിങ്ങൾക്ക് നൽകുന്നില്ല. എന്റെ ശരീരമാണ്. ഇതെന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാനുള്ള അവകാശം നിങ്ങൾക്കില്ല. നമ്മൾ എത്ര സ്‌ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപിനെപ്പോലും നശിപ്പിക്കുന്ന കമന്റുകൾ പറഞ്ഞ് തളർത്തുന്നത്. ഇനിയെങ്കിലും ഇതെല്ലാമൊന്ന് നിർത്തിക്കൂടെ.
വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി അൽപം ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ലു പൊന്തിയ മനുഷ്യർക്ക് ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും ഇപ്പറയുന്ന മാനദണ്ഡങ്ങളിലുമാണോ കഴിവിരിക്കുന്നത്? കഴിവെന്ന് പറയുന്നത് അവരിൽനിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ സന്തോഷിപ്പിക്കുന്നു. അവർ നിങ്ങൾക്കായി എന്ത് നൽകുന്നു. എന്താണ് അവരുടെ സംഭാവന എന്നതിലാണ് കഴിവിരിക്കുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.
ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്. അത് മനസിലാക്കുക. എനിക്കിത് മടുത്തു. ഇനിയങ്ങോട്ട് എന്നോടിത്തരത്തിൽ സംസാരിക്കാൻ വരുന്നവരോട് എനിക്ക് തിരിച്ചുപറയാനുണ്ടാകും'- ജുവൽമേരി പറയുന്നു.
Jewel Mary hits back at body-shaming and colour-based comments, urging people to respect others and judge talent beyond appearance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |