SignIn
Kerala Kaumudi Online
Monday, 28 September 2026 10.24 AM IST

'മുടി പറ്റെ വെട്ടാനും ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം'; കണ്ടക്ടറെ പിന്തുണച്ച് ഡിസിസി ജനറൽ സെക്രട്ടറി

priyadarsini
പ്രതീകാത്മകചിത്രം

കൊച്ചി: എറണാകുളം പറവൂരിൽ കെഎസ്‌ആർടിസി പ്രിയദർശിനി ബസിലെ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായ കെഎസ്‌ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്. കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നും ഷെറിൻ വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യാത്രാനുകൂല്യമുള്ളവരുടെ തിരിച്ചറിയൽ കാർഡ് ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആർടിസി കണ്ടക്ടർമാർക്ക് നൽകണമെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയദർശിനിക്ക് ഇരയായി സസ്പെൻഷൻ; പറവൂരിലെ എസ്എഫ്ഐക്കാർക്ക് അഭിമാനിക്കാം. പറവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മടങ്ങിയെത്തിയതേ ഉള്ളു ഞങ്ങൾ. പരാതിക്കാരിയായ പെൺകുട്ടി ഇന്നലെ യാത്ര ചെയ്ത അതേ ബസിലെ യാത്രക്കാരായിരുന്ന ഒരു ഭാര്യയും ഭർത്താവും മാത്രം കണ്ടക്ടറുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്താനെത്തിയിരുന്നു.

ബാക്കിയെല്ലാം അയാൾക്കെതിരായിരുന്നു. ഭരിക്കുന്ന സർക്കാരിനയാൾ, പ്രിയദർശിനി പദ്ധതിയെ തുരങ്കം വെച്ച ഇടത് യൂണിയൻകാരൻ. പരാതിക്കാരിയായ പെൺകുട്ടിയാണെങ്കിൽ, പഠിക്കുന്നിടത്തെ എസ് എഫ് ഐ സംഘടനയുടെ പിൻബലമുള്ളയാൾ.

അപ്പോൾ, എളുപ്പത്തിൽ സർക്കാരിന് ചെയ്യാവുന്നത്, നിസ്സഹായനായി സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവനെ സസ്പെൻഡ് ചെയ്യൽ തന്നെയാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ താല്പര്യമെങ്കിൽ അതിനിടയിൽ ഒറ്റക്കായി പോകുന്ന സാധാരണക്കാരന് എന്ത് നീതി? വനിതയെന്ന നിലയിൽ അർഹതയുള്ള സൗജന്യ ടിക്കറ്റ് നൽകിയില്ല എന്നതാണല്ലോ പ്രശ്നം.

ആളെ തിരിച്ചറിഞ്ഞില്ല എന്ന വാദം അവിടെ നിൽക്കട്ടെ. മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും എല്ലാവർക്കും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം, യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് നൽകണം. നാട്ടുകാരൻ, അടുത്ത സുഹൃത്ത്. ഇന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ആർ ടി സി കണ്ടക്ടർ മഹേഷാണ് കൂടെ.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ‌ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയു ചെയ്‌തുവെന്ന് കാണിച്ച് പെൺകുട്ടി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ എന്ന് കണ്ടക്ടർ യാത്രക്കാരോട് ചോദിക്കുകയും അവരുടെ മുന്നിൽവച്ച് അവഹേളിച്ചെന്നും വിദ്യാർത്ഥിനി പറയുന്നു. സംഭവത്തിൽ കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

English Summary

DCC General Secretary Sherin Varghese has extended support to the suspended KSRTC conductor accused of misbehaving with a female student during a journey on a Priyadarshini bus in Paravur, Ernakulam. He said the conductor was innocent and that there were witnesses to the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC CONDUCTOR, SHERIN VARGHESE, PARAVUR KSRTC, STUDENT HARASSMENT COMPLAINT, KSRTC CONDUCTOR SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA