SignIn
Kerala Kaumudi Online
Friday, 15 May 2026 6.04 PM IST

വെളിച്ചെണ്ണ വില കുത്തനെ താഴേക്ക്,​ തേങ്ങ വിലയും കുറഞ്ഞു

coconut-oil


വടക്കഞ്ചേരി: കഴിഞ്ഞ വർഷം കിലോയ്ക്ക് 85 രൂപവരെയെത്തിയ പച്ചത്തേങ്ങ വില എട്ടു മാസത്തിനിടെ പാതിയായി കുറഞ്ഞു. വിലയിടിവിന്റെ ആഘാതം വെളിച്ചെണ്ണ, കൊപ്ര ഉൾപ്പെടെയുള്ള നാളികേര ഉൽപന്നങ്ങളിലേക്കും വ്യാപിച്ചതോടെ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞവർഷം പകുതിയോടെ കിലോയ്ക്ക് 80-85 രൂപ ലഭിച്ചിരുന്ന പച്ചത്തേങ്ങ പിന്നീട് ഏറെക്കാലം 60-65 രൂപ നിരക്കിൽ തുടർന്നു. എന്നാൽ നിലവിൽ കിലോയ്ക്ക് 40–45 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഉണക്കത്തേങ്ങയുടെ വിലയും 50-52 രൂപ നിരക്കിലേക്കാണ് താഴ്ന്നത്.

വിലക്കുറവിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് വ്യാപാരികളും കർഷകരും ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതാണ് പ്രധാന ഘടകം. കഴിഞ്ഞ വർഷങ്ങളിൽ മഴയും പ്രതികൂല കാലാവസ്ഥയും കാരണം തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതോടെ കേരളത്തിലെ തേങ്ങയ്ക്ക് ഡിമാൻഡ് ഉയർന്നിരുന്നു.

പശ്ചിമേഷ്യൻ യുദ്ധവും നാളികേര മേഖലയെ പരോക്ഷമായി ബാധിച്ചു. നാളികേര മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ വിദേശ വിപണിയിലേക്ക് പോകേണ്ട ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിലേക്കെത്തി. ഇതോടെ ലഭ്യത കൂടുകയും വില താഴുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു. കടുത്ത വേനലും മറ്റൊരു തിരിച്ചടിയായി. അസാധാരണ ചൂട് കാരണം തേങ്ങകൾ വേഗത്തിൽ വിളഞ്ഞതോടെ പ്രാദേശിക വിപണിയിലും ഉൽപാദനം വർധിച്ചു. എന്നാൽ ആവശ്യത്തിന് വിപണി ലഭിക്കാത്തതിനാൽ കർഷകർക്ക് നേട്ടമാകേണ്ട ഉൽപാദനവർധന തന്നെ ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്.

തേങ്ങയുടെ വില ഇടിഞ്ഞതിന്റെ പ്രതിഫലനം വെളിച്ചെണ്ണ വിപണിയിലും വ്യക്തമാണ്. ഏതാനും മാസം മുൻപ് ലിറ്ററിന് 550 രൂപ വരെ എത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ വിവിധ ബ്രാൻഡുകൾക്ക് 210 മുതൽ 260 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്. ഉൽപാദന ചെലവ് കുത്തനെ ഉയരുന്നതിനിടെയാണ് വില ഇടിവ് സംഭവിക്കുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു. വളം, തൊഴിലാളി ചെലവ്, കയറ്റിറക്ക് ചെലവ് എന്നിവ വർദ്ധിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ വിലയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത് ദുഷ്‌കരമാണെന്നാണ് അവരുടെ വാദം. സർക്കാർ ഇടപെട്ട് നാളികേരത്തിന് താങ്ങുവില ഉറപ്പാക്കുകയും കയറ്റുമതി മേഖലയിൽ പ്രോത്സാഹന നടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AGRICULTURE, AGRICULTURE NEWS, COCONUT OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY