
തൊടുപുഴ: സീസണായപ്പോൾ വിലയിടിഞ്ഞതിനെ തുടർന്ന് റംബൂട്ടാൻ കർഷകർ പ്രതിസന്ധിയിൽ. വിലയിടിഞ്ഞതോടെ വിൽപ്പനക്കാരും പ്രതിസന്ധിയിലാണ്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളാണ് സീസൺ. വിളവെടുപ്പ് തുടങ്ങിയതോടെ വിപണിയിൽ 150 രൂപയ്ക്കാണ് റംബൂട്ടാൻ വിൽക്കുന്നത്. എന്നാൽ ഉത്പ്പാദനച്ചിലവ് നോക്കുമ്പോൾ മിനിമം 180രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ നഷ്ടമെന്നാണ് കർഷകർ പറയുന്നത്. തുടക്കത്തിൽ വില 300, 350 നിന്നിരുന്നറംബൂട്ടാനാണ് കർഷകർക്ക് നഷ്ടമാകുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
വിളെവെടുപ്പ് സീസണിൽ സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളിൽ പഴത്തിനെതിരെ ബോധപൂർവ്വം പ്രചാരണം നടക്കുന്നതായും കച്ചവടക്കാർക്കിടയിൽ പരാതിയുണ്ട്. ഇത് വില ഇടിയാൻ പ്രധാനകാരണമാണ്. പ്രത്യേകിച്ചും ഡിമാൻഡ് കൂടുതലുള്ള മലബാർ മേഖലയിൽ വലിയരീതിയിൽ ഇത്തരംകുപ്രചാരണങ്ങൾ കച്ചവടത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മുമ്പ് നിപ വ്യാപനമുണ്ടായപ്പോൾ റംബൂട്ടാൻ കഴിച്ചതുമൂലമെന്ന പ്രചാരണം കർഷകരെയും കച്ചവടക്കാരെയും കാര്യമായി ബാധിച്ചിരുന്നു. പക്ഷികളും മൃഗങ്ങളുമെല്ലാം കഴിക്കുന്നതിനാൽ ഇത്തരംപ്രചാരണങ്ങൾ ഉപഭോക്താക്കളെ കാര്യമായി സ്വാധീനിച്ചിരുന്നു. പിന്നീട് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ജനത്തിന്റെ ആശങ്കഅകന്നത്. കൃഷികൂടിയതോടെ ഉത്പ്പാദനം വർധിച്ചതും വിലയിടിവിന് മറ്റൊരു കാരണമാണ്.
കർഷകരും കച്ചവടക്കാരും നിരാശയിൽ
സീസൺ കച്ചവടത്തിൽ വിലകുറഞ്ഞത് കർഷകരെയും വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉത്പ്പാദനചെലവിന് ആനുപാതികമായി വരുമാനമില്ലാത്ത് വലിയ തിരിച്ചടിയാണ്. വലയിട്ട് സംരക്ഷിക്കുന്നതിന് കിലോയ്ക്ക് 110 120 രൂപയോളമാകും. ചാണകം, എല്ലുപൊടി അടക്കമുള്ള ജൈവവളങ്ങൾ ഇട്ടാണ് കൃഷിപരിപാലിക്കേണ്ടത് ഇതിനും നല്ലവില നൽകണം. വലയിടുന്നതിന് നെറ്റുവില കിലോയ്ക്ക് 160 രൂപയാണ്. ഇതിന്റെ പണിക്കൂലി വേറെയും. വർഷത്തിൽ ഒരുതവണമാത്രമാണ് വിളവെടുപ്പ് സീസൺ എന്നതിനാൽ ഈ സമയത്തുള്ളവിലയിടിവാണ് പ്രതിസന്ധിവർധിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ എൻ 18 ഇനമാണ് കൂടുതൽപേരും കൃഷിചെയ്യുന്നത്. ഇതിന്റെ തൈവില 350 മുതൽ 1500രൂപവരെ വരും. മരത്തിന്റെ പരിപാലനത്തിനായുള്ള ജലസേചനവും പണിക്കൂലിയുമടക്കം കഴിഞ്ഞാൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. കൃഷിയിടത്തിൽ നിന്നും കൂട്ടത്തോടെശേഖരിക്കുന്ന പഴങ്ങൾ അധികകാലം സൂക്ഷിക്കാനാകാത്തതും തിരിച്ചടിയാണ്.
നിലവിലെ സ്ഥിതിയിൽ കച്ചവടം തീരെമോശമാണ്. വിലയില്ലെങ്കിൽ കർഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലാകും'' ജെയ്സൽ സലിം (കച്ചവടക്കാരൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |