വനാതിർത്തികളിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വന്യമൃഗശല്യം. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവ കൃഷിയിടങ്ങളിലേക്ക് കടന്നെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ വേറിട്ട പ്രതിരോധ മാർഗങ്ങൾ തേടുകയാണ് കർഷകർ. ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ശ്രദ്ധ നേടുന്ന ഒരു കൃഷിയാണ് സലാക്ക് അഥവാ സ്നേക്ക് ഫ്രൂട്ട് കൃഷി. ജൈവവേലിയായാണ് കർഷകർ ഈ സസ്യത്തെ ഉപയോഗിക്കുന്നത്.
സലാക്കിന് പാമ്പിന്റെ തൊലിയോട് സാമ്യമുള്ള പുറംതോടാണ്. രുചിയിലും രൂപത്തിലും വ്യത്യസ്തമായ ഈ പഴത്തിന് വിപണിയിലും ആവശ്യക്കാരുമുണ്ട്. സലാക്ക് കൃഷിയുടെ പ്രധാന പ്രത്യേകത ചെടിയുടെ മുള്ളുകളുള്ള ഘടനയാണ്. തണ്ടിലും ഇലകളിലും മുള്ളുകളുള്ളതിനാൽ കൃഷിയിടത്തിന്റെ അതിർത്തിയിൽ വളർത്തിയാൽ ഒരു പരിധിവരെ പ്രകൃതിദത്ത വേലിയായി ഉപയോഗിക്കാമെന്നാണ് കർഷകരുടെ അനുഭവം. വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം സലാക്ക് ചെടികളും ഉപയോഗിക്കുന്നത് പതിവാണ്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സലാക്കിന്റെ മുള്ളുകൾ ഭയന്ന് കൃഷിയിടങ്ങളിലേക്ക് കടക്കാതിരിക്കും.
സലാക്ക് ചെടികൾ ഏകദേശം അരമീറ്റർ ഇടവിട്ട് രണ്ട് വരികളായി നട്ടുവളർത്തുന്നത് വനാതിർത്തിയിൽ കട്ടിയുള്ള ജൈവവേലി രൂപപ്പെടുത്താൻ സഹായിക്കും. ഏകദേശം രണ്ടാൾ പൊക്കത്തിൽ വളരുന്ന ചെടിയുടെ മുള്ളുകൾ വന്യമൃഗങ്ങൾക്ക് സ്വാഭാവിക തടസമുണ്ടാക്കുന്നു. മുള്ളുകൾ നിറഞ്ഞ ചെടിയാണെങ്കിലും സലാക്ക് നൽകുന്നത് രുചികരമായ പഴമാണ്. . ഉഷ്ണമേഖലാ കാലാവസ്ഥയും ഇടയ്ക്കിടെയുള്ള നല്ല മഴയുമാണ് സലാക്ക് കൃഷിക്ക് ഏറ്റവും അനുയോജ്യം.
വിത്തുകൾ വഴിയും മാതൃചെടിയുടെ ചുവട്ടിൽനിന്നുള്ള സക്കറുകൾ വഴിയും സലാക്ക് വളർത്തിയെടുക്കാൻ സാധിക്കും. ഗുണമേന്മയുള്ള പഴം ഉറപ്പാക്കാൻ സക്കറുകൾ വഴിയുള്ള പ്രജനനത്തിനാണ് പല കർഷകരും മുൻഗണന നൽകുന്നത്. സലാക്ക് പഴമായി വിൽക്കുന്നതിന് പുറമെ ജാം, സിറപ്പ്, മിഠായി തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും ഉപയോഗിക്കാറുണ്ട്. പഴത്തിന്റെ വിത്തുകൾ ഉപയോഗിച്ച് കുറഞ്ഞ കഫീൻ അടങ്ങിയ പാനീയം തയ്യാറാക്കുന്നതിനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്.
Farmers along forest borders are adopting salak (snake fruit) cultivation as an effective natural deterrent against wild animal crop damage. The plant's thorny structure forms a robust biological fence, preventing elephants and other animals from entering farmlands. This method provides a sustainable solution to wildlife menace, with the marketable fruit offering additional economic benefits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |