നടപടിക്ക് ഒരുങ്ങി ജി.എസ്.ടി കൗൺസിൽ
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്യായമായി ഉത്‌പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നടപടികൾക്ക് തടയിടാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്നു. ഉത്പാദന, ഇറക്കുമതി ചെലവുകളിലെ വർദ്ധന ചൂണ്ടിക്കാട്ടി കമ്പനികളും വിതരണക്കാരും തുടർച്ചയായി വില ഉയർത്തുന്നുവെന്ന ആരോപണം പരിശോധിക്കാൻ ജി.എസ്.ടി കൗൺസിൽ യോഗം അടുത്ത മാസം നടക്കും.
വില വർദ്ധനയുടെ കാരണങ്ങളും നികുതിയിളവിന്റെ നേട്ടം ഉപഭോക്താവിന് കൈമാറുന്നുണ്ടോയെന്നും യോഗം പരിശോധിക്കും. കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, സംസ്ഥാനങ്ങൾ നിർദേശിക്കുന്ന ധനമന്ത്രിമാർ എന്നിവർ ഉൾപ്പെടുന്നതാണ് ജി.എസ്.ടി കൗൺസിൽ. ഉത്സവകാലങ്ങളിൽ ചില ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയർന്നുവെന്ന പരാതിയും യോഗം പരിശോധിക്കും.
ആഗോള വ്യാപാര തർക്കങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും അസംസ്‌കൃത സാധനങ്ങളുടെ വിലയും ഊർജം, ഗതാഗത ചെലവുകളും വർദ്ധിപ്പിച്ചെന്നതാണ് കമ്പനികളുടെ വാദം. എന്നാൽ ചെലവിലുണ്ടായ വർദ്ധനവിന് ആനുപാതികമായാണോ ചില്ലറ വില കൂട്ടിയതെന്നും കൗൺസിൽ വിലയിരുത്തും.
നികുതിയിളവിന്റെ നേട്ടം ഉറപ്പാക്കും
കഴിഞ്ഞ വർഷം സെപ്തംബർ 22 മുതൽ നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തിയിരുന്നു. പഴയ നാല് സ്ളാബുകൾക്ക് പകരം 5,18,40 ശതമാനം എന്നീ നിരക്കുകളാണ് ഏർപ്പെടുത്തിയത്. എന്നാൽ നികുതി കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കളിൽ പൂർണമായും എത്തിയില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ(എൻ.ഐ.പി.എഫ്.പി.) പുതിയ പഠനത്തിൽ നികുതിയിളവ് ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ വ്യത്യാസമുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം, ഗൃഹോപകരണങ്ങൾ, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ എന്നിവയിൽ വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായും ലഭിച്ചില്ല. അതേസമയം മോട്ടോർ വാഹനങ്ങൾ, എ.സി. തുടങ്ങിയ ഉത്പന്നങ്ങളിൽ നികുതിയിളവ് വിലയിൽ ഫലപ്രദമായി പ്രതിഫലിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
വിലകൂടിയത്:
പാക്കേജ്ഡ് ഫുഡ്: 6മുതൽ 9% വരെ
മൊബൈൽഫോൺ: 10 മുതൽ 15%വരെ
ടി.വി,ഫ്രിഡ്ജ്: 8 മുതൽ 12%വരെ
ഹെയർ ഓയിൽ,ഷാംപു: 8 മുതൽ 12%വരെ
വില കുറഞ്ഞത്:
എ.സി: 6.4%
കാർ: 7.5%
മോട്ടോർ സൈക്കിൾ: 5.5%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |