മുതലമട: മുതലമട മേഖലയിലെ നെൽകർഷകർക്ക് പുതിയ വെല്ലുവിളിയായി നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരിയുടെ രൂക്ഷമായ ആക്രമണം. ആന്തിച്ചിറ, പോത്തമ്പാടം പാടശേഖരങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കേരള കാർഷിക സർവ്വകലാശാലയിലെ ഓൾ ഇന്ത്യ നെറ്റ് വർക്ക് പ്രോജക്ട് ഓൺ അഗ്രിക്കൾച്ചറൽ അർക്നോളജി വിഭാഗം മേധാവിയും വെള്ളാനിക്കര കാർഷിക കോളേജിലെ എന്റമോളജി വിഭാഗം ഹെഡുമായ ഡോ.ഹസീന ഭാസ്‌കറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും മുതലമട കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ 'ഉമ' ഇനം നെല്ലിലാണ് മണ്ഡരി ആക്രമണം കണ്ടെത്തിയത്. ജൂലായിൽ തോട്ടി പ്രദേശത്ത് ഉൾപ്പെടെ നേരിയ തോതിൽ മണ്ഡരി സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോൾ മഴ കുറഞ്ഞ് ചൂടും അന്തരീക്ഷ ആർദ്രതയും വർദ്ധിച്ച സാഹചര്യമാണ് മണ്ഡരികൾ പെരുകാൻ കാരണമായതെന്ന് വിദഗ്ദ്ധർ പറയുന്നു.
'ഒലിഗോനിക്കസ് ഒറൈസെ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചിലന്തി വർഗ്ഗത്തിൽ പെട്ട കീടമാണ് ഇത്. ഇലയുടെ അടിഭാഗത്ത് കൂടുകൂട്ടി കൂട്ടമായി നീര് ഊറ്റി കുടിച്ചാണ് ഇവ നെൽച്ചെടിയെ നശിപ്പിക്കുന്നത്.
മണ്ഡരികൾ ആക്രമിക്കുന്നതോടെ ഇലയിലെ ഹരിതകം നഷ്ടപ്പെടും. ഇലകൾക്ക് നരച്ച് മഞ്ഞ നിറമാകുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും. ഇത് പലപ്പോഴും നൈട്രജന്റെ അഭാവമായും മറ്റ് രോഗങ്ങളായും തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്ന് ഡോ.ഹസീന ഭാസ്‌കർ പറഞ്ഞു. നെൽപ്പാടത്തെ കളകളിലും ഇവയുടെ സാന്നിധ്യം ഉണ്ടാകും അതിനാൽ വരമ്പുകളിലെ കളകൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനോടൊപ്പം തന്നെ പാടങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിലും വ്യാപകമായി കാണുന്നുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
ജൈവ നിയന്ത്രണം (ആരംഭഘട്ടത്തിൽ):
2% വീര്യമുള്ള വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ അസാഡിറാക്ടിൻ അടങ്ങിയ കീടനാശിനി 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാം. അല്ലെങ്കിൽ വെറ്റബിൾ സൾഫർ 300 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലക്കി ഏക്കറിന് തളിക്കാം.
രൂക്ഷമായ ആക്രമണത്തിന്:
സ്പൈറോമെസിഫെൻ 100 മില്ലി ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ, അല്ലെങ്കിൽ ഫെനാസാക്വിൻ 250 മില്ലി ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കണം.
ഓലകരിച്ചിൽ ഉള്ള പാടങ്ങളിൽ:
ബ്ലീച്ചിംഗ് പൗഡർ കിഴി കെട്ടി പാടത്ത് ഇടുക. മണ്ഡരി നാശിനി തളിച്ച് 4 ദിവസത്തിന് ശേഷം മാത്രം സ്‌ട്രൈപ്ളാപ്രാസൈക്ലിൻ 30 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ തളിക്കണം. രണ്ടും ഒരുമിച്ച് തളിക്കരുത്.
വളപ്രയോഗത്തിൽ ശ്രദ്ധ:
മണ്ഡരി ബാധയുള്ള പാടങ്ങളിൽ യൂറിയ വളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. നൈട്രജൻ കൂടുതലുള്ള ചെടികളിലാണ് മണ്ഡരി ആക്രമണം രൂക്ഷമാകുന്നത്.
Mite infestation has currently been detected in the ‘Uma’ variety of paddy. A mild presence of mites was also reported in July, including in the Thotti area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |