SignIn
Kerala Kaumudi Online
Monday, 31 August 2026 3.51 AM IST

ബേക്കറികളിലും ജ്യൂസ് കടകളിലും ഭക്ഷണ സാധനങ്ങൾക്ക് വിലയേറും,​ ആശങ്കയ്ക്ക് പിന്നിൽ

bakery
ബേക്കറി

സർക്കാർ ഇടപെടലും ആശ്വാസമായില്ല

കൊച്ചി: കേന്ദ്ര സർക്കാർ വിപണി ഇടപെടൽ ശക്തമാക്കിയിട്ടും പഞ്ചസാര വില ഉയർന്ന തലത്തിൽ തുടരുന്നു. ഞായറാഴ്ചത്തെ കണക്കനുസരിച്ച് പഞ്ചസാരയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 64.24 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടെ 1.77 ശതമാനമാണ് വർദ്ധന. ഒരു മാസത്തിനിടെ 30 ശതമാനവും മുൻവർഷം ഇതേ കാലയളവിനേക്കാൾ 38.6 ശതമാനവും വില ഉയർന്നു. രാജ്യത്തിന്റെ വിവിധ വിപണികളിൽ പഞ്ചസാര വില കിലോഗ്രാമിന് 60 രൂപയ്ക്ക് മുകളിലാണ്. റാഞ്ചിയിൽ 68 രൂപയും മുംബയിൽ 66 രൂപയും ചെന്നൈയിൽ 63 രൂപയും ഡൽഹിയിൽ 62 രൂപയുമാണ് ചില്ലറ വില. പരമാവധി വില 74 രൂപയും കുറഞ്ഞ വില 40 രൂപയുമാണ്. മൊത്തവിലയും കിലോഗ്രാമിന് 59.73 രൂപയായി ഉയർന്നിട്ടുണ്ട്.

വില വർദ്ധനയ്ക്ക് പിന്നിൽ

നിലവിലെ സീസണിൽ പഞ്ചസാര ഉത്പാദനം കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത്തവണ 343 ലക്ഷം ടൺ ഉത്പാദനം പ്രതീക്ഷിച്ചെങ്കിലും 306 ലക്ഷം ടൺ മാത്രമാകും കൈവരിക്കുകയെന്ന് വിലയിരുത്തുന്നു. കരിമ്പ് കൃഷിയിലെ രോഗബാധ, മഴക്കെടുതി മൂലമുള്ള വെള്ളക്കെട്ട് തുടങ്ങിയ സാഹചര്യങ്ങൾ ഉത്പാദനത്തെ ബാധിച്ചു. ഉത്സവകാലയളവിലെ ഉപഭോഗ വർദ്ധനയും വിനയായി.

ഇറക്കുമതിയിൽ പ്രതീക്ഷ

വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. വ്യാപാരികളുടെ സംഭരണത്തിനും നിയന്ത്രണമുണ്ട്. വൻകിട ഉപഭോക്താക്കളുടെ പരമാവധി സ്‌റ്റോക്ക് 15 ദിവസത്തെ മാത്രമായി പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ചില്ലറ വില കുറഞ്ഞിട്ടില്ല.

ആഗോള തലത്തിലും സമ്മർദ്ദം

ആഗോള പഞ്ചസാര വിപണിയിലും വില ഉയരുകയാണ്. ജൂൺ അവസാനം ടണ്ണിന് 474 ഡോളറായിരുന്ന അന്താരാഷ്ട്ര വില ആഗസ്റ്റ് 20ന് 552 ഡോളറായി ഉയർന്നു. ആഗോളതലത്തിൽ 2026-27 സീസണിൽ ഏകദേശം 33 ലക്ഷം ടണ്ണിന്റെ പഞ്ചസാര കമ്മിയുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മുൾമുനയിൽ ഉപഭോക്താക്കൾ

പഞ്ചസാര വിലയിലെ വർദ്ധന നേരിട്ട് കുടുംബങ്ങളുടെ ഭക്ഷണച്ചെലവിനെ ബാധിക്കുന്നതിനൊപ്പം ബേക്കറി, മിഠായി, ശീതളപാനീയങ്ങൾ, ഭക്ഷ്യസംസ്കരണ മേഖലകൾക്കും ചെലവ് വർധിപ്പിക്കുകയാണ്. ഉത്സവകാല ആവശ്യകത കൂടിയതും വിലക്കയറ്റം രൂക്ഷമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAKERY, BAKERY PRODUCTS HIKE, BAKERY ITEMS PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY