SignIn
Kerala Kaumudi Online
Friday, 21 August 2026 5.51 PM IST

മലയാളികളെ ലക്ഷ്യമിട്ട് ടാറ്റയും ബിർളയും: സ്വർണ വിലയിലെ കുതിപ്പ് സഹായമാകും, 1,000 ശാഖകൾ തുറക്കും

gold

കൊച്ചി: രാജ്യത്തെ സ്വർണ പണയ വിപണിയിൽ മത്സരം ശക്തമാകുന്നു. കേരളം ആസ്ഥാനമായി മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് തുടങ്ങിയവരുടെ ശക്തികേന്ദ്രമായിരുന്ന വിപണിയിലേക്ക് ടാറ്റ, ആദിത്യ ബിർള തുടങ്ങിയ വൻകിട ഗ്രൂപ്പുകളും കടക്കുകയാണ്. തൃശൂർ ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ യോഗ്‌ലോൺസിനെ ടാറ്റ കാപ്പിറ്റൽ ഏറ്റെടുത്തതിനു പിന്നാലെ നിലവിലുള്ള ശാഖ ശൃംഖല ഉപയോഗപ്പെടുത്തി സ്വർണ വായ്‌പാ ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റയുടെ നീക്കം. കേരളം, തമിഴ്നാട് ആന്ധ്ര പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ യോഗ്‌ലോൺസിന് 162 ശാഖകളുണ്ട്.

ആദിത്യ ബിർള കാപ്പിറ്റലും സ്വർണ വായ്പാ രംഗത്ത് വൻ വികസനത്തിനാണ് ഒരുങ്ങുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 1,000 സ്വർണവായ്പാ ശാഖകൾ തുറക്കാനാണ് ലക്ഷ്യം. നടപ്പു സാമ്പത്തിക വർഷം 200 മുതൽ 300 സ്വർണ പണയ ശാഖകൾ തുറക്കുമെന്നും കമ്പനി വ്യക്തമാക്കി.


സ്വർണ പണയത്തിൽ കുതിപ്പ്

സ്വർണ വിലയിലെ കുതിപ്പ് സ്വർണ പണയ വിപണിക്കും കരുത്തായി. വില ഉയർന്നതോടെ ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണത്തിന്റെ വായ്പാ മൂല്യത്തിലും വർദ്ധനയുണ്ടായി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തുക സമാഹരിക്കാനാകുമെന്നതും ആകർഷണം വർദ്ധിപ്പിച്ചു. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ വായ്പകൾ നടപ്പുവർഷം മേയ് വരെയുള്ള കാലയളവിൽ 69 ശതമാനം വളർച്ചയോടെ 3.3 ലക്ഷം കോടി രൂപയിലെത്തി.


കേരള കമ്പനികളുടെ കരുത്ത്

വിപുലമായ ശൃംഖലയും സ്വർണ വായ്പ കൈകാര്യം ചെയ്യുന്നതിലെ പതിറ്റാണ്ടുകൾ നീളുന്ന അനുഭവസമ്പത്തുമാണ് കേരള കമ്പനികളുടെ കരുത്ത്. എന്നാൽ വലിയ കോർപ്പറേറ്റുകളുടെ മൂലധനശേഷിയും ഡിജിറ്റൽ സാങ്കേതികവിദ്യയും വിപുലമായ മാർക്കറ്റിംഗ് രീതികളും മത്സരത്തിന്റെ സ്വഭാവം മാറ്റിയേക്കും.


സ്വർണ വായ്പയുടെ ആകർഷണം

അതിവേഗം പണം അക്കൗണ്ടിലെത്തുന്നു

വില കുതിച്ചതോടെ ഉയർന്ന തുക വായ്പ നേടാം

വീടുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതത്വം

ലളിതമായ നടപടി ക്രമങ്ങളും കുറഞ്ഞ രേഖകളും

ഇന്ത്യയിലെ മൊത്തം സ്വർണ പണയം(ജൂൺ 30ലെ കണക്ക്)

19.4 ലക്ഷം കോടി രൂപ

പൊതുമേഖല ബാങ്കുകളുടെ വിഹിതം

11.3 ലക്ഷം കോടി രൂപ


എൻ.ബി.എഫ്.സികളുടെ വിഹിതം

3.41 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA BIRLA KERALA, 1000 BRANCHES, GOLD PRICE RISE, TATA BIRLA EXPANSION, KERALA BUSINESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY