
ചിയാ സീഡ് പോഷക സമൃദ്ധമാണ്. ശരീരഭാരം കുറയ്ക്കാനും ചർമസംരക്ഷണത്തിനും ഫെയ്‌സ്‌പാക്കായുമൊക്കെ പലവിധത്തിലാണ് ചിയാ സീഡ് ഉപയോഗിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ജ്യൂസിലും പുഡ്ഡിംഗിലും സ്മൂത്തിയിലുമൊക്കെ ചേർത്ത് ഇത് ഉപയോഗിക്കാം. ചിയാ സീഡിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് അധികം തോന്നാതെ കലോറി കുറയ്ക്കാനും സഹായിക്കും.
ഇതുപയോഗിക്കുന്ന പലർക്കുമുള്ള സംശയമാണ് കൃത്യമായ ഗുണം ലഭിക്കുന്നതിന് ചിയാ സീഡ് എത്രനേരം വെള്ളത്തിൽ കുതിർക്കണം എന്നുള്ളത്. ഇത് മൃദുവായി കിട്ടുന്നതിന് 10-15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിർത്താൽ മതിയാകും. ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിൽ ചേർത്ത് 10-15 മിനിറ്റ് അനക്കാതെ വച്ചിരുന്നാൽ ജെൽ രൂപത്തിലായി കിട്ടും. എന്നാൽ ഇവ കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കുതിർത്ത് ഉപയോഗിച്ചാലാണ് പരമാവധി ഗുണം ലഭിക്കുക. ഇത്രയും സമയം കുതിർത്താലാണ് വെള്ളം മുഴുവൻ ആഗിരണം ചെയ്ത് സ്ഥിരതയുള്ള ജെൽ രൂപത്തിലേക്ക് ഇവ എത്തുക.

എളുപ്പത്തിന് രാത്രി കിടക്കുമ്പോൾ ചിയാ സീഡ് വെള്ളത്തിൽ കുതിർക്കാനിട്ട് കഴിഞ്ഞാൽ രാവിലെ പരമാവധി ഗുണത്തോടെ ഉപയോഗിക്കാൻ സാധിക്കും. ഏകദേശം 8-10 മണിക്കൂർ നേരം ഇവ വെള്ളത്തിൽ കുതിർക്കുന്നത് പോഷക മൂല്യം വർദ്ധിപ്പിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ്, നാരുകൾ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ചിയാ സീഡ്. ഉയർന്ന തോതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ഉച്ചയ്ക്കും വൈകുന്നേരവും ഇതുൾപ്പെടുത്തുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലൂടെ നല്ല ഉറക്കവും നഷ്ടമായേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |