
മലയാളികളുടെ ഭക്ഷണസാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് പാലും പാലുൽപ്പന്നങ്ങളും. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി പോലുള്ള ധാരാളം അവശ്യ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുന്നതിനും ശരീര വളർച്ചയ്ക്കും ദിവസവും പാൽ കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. നേരിട്ട് പാൽ കുടിക്കുക മാത്രമല്ല, പാൽ ചായ, തൈര്, ഐസ്ക്രീം തുടങ്ങി നിരവധി രൂപത്തിലും പാൽ കഴിക്കുന്നവരാണ് നമ്മൾ. ഭക്ഷണസാധനങ്ങളിൽ പലതിലും മായം ചേർക്കുന്നുവെന്ന വാർത്ത നമ്മൾ എന്നും കേൾക്കാറുണ്ട്. എന്നാൽ പാലിൽ മായം ചേർക്കുന്നത് നമ്മൾ എങ്ങനെ കണ്ടുപിടിക്കും. പാലിൽ പലതരത്തിലുള്ള മായം കലർന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.
നമ്മൾ ഉപയോഗിക്കുന്ന പാൽ ശുദ്ധവും മായം കലർന്നതല്ലെന്നും ഉറപ്പുവരുത്താൻ കുറച്ച് മാർഗങ്ങളുണ്ട്. വെള്ളമാണ് പാലിൽ ഏറ്റവും കൂടുതൽ ചേർക്കപ്പെടുന്ന സാധാരണ മായം. ഇനി അത് മോശം വെള്ളമാണെങ്കിലോ, അത് നമ്മുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കും. പാലിൽ വെള്ളം ചേർക്കുന്നത് പാലിന്റെ കട്ടി കുറയ്ക്കാനും പോഷകഗുണം കുറയാനും കാരണമാകും.
പാലിൽ ചേർക്കുന്ന മറ്റൊരു പ്രധാന മായമാണ് യൂറിയ. പാൽ കൊഴുപ്പുളളതാക്കാനും വെളുത്ത നിറം വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ യൂറിയ ചേർക്കുന്നത്. പാലിലെ യൂറിയയുടെ അംശം അൾസർ, ക്ഷീണം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നു. കൂടാതെ ഇത് വൃക്ക, ഹൃദയം, കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഇപ്പോൾ ഡിറ്റർജെന്റ് പോലുള്ള വസ്തുക്കളും പാലിന്റെ കട്ടി വർദ്ധിപ്പിക്കുന്നതിന് ചേർക്കാറുണ്ടെന്നാണ് കണ്ടെത്തൽ.
പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള മാർഗം
വൃത്തിയായ ഉണങ്ങിയ ഒരു സ്റ്റീൽ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാൽ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാൽ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കിൽ അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല പാൽത്തുള്ളി വേഗത്തിൽ വെള്ളക്കറയില്ലാതെ ഒഴുകിയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസ്സിലാക്കാം
കുപ്പിയിലേക്ക് കുറച്ച് പാൽ ഒഴിച്ച് ശക്തിയായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ധാരാളം നുര രൂപപ്പെടുകയും ആ നുര ദീർഘനേരം നിലനിൽക്കുകയും ചെയ്താൽ അതിൽ ഡിറ്റർജെന്റ് അടങ്ങിയിരിക്കാൻ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |