SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.18 PM IST

2000 ജോഡി അടിവസ്‌ത്രങ്ങൾ മണ്ണിൽ കുഴിച്ചിട്ട് പരീക്ഷണം; രണ്ടുമാസത്തിന് ശേഷം സംഭവിച്ചത്

experiment
മണ്ണിൽ കുഴിച്ചിട്ട അടിവസ്‌ത്രങ്ങൾ (ഫോട്ടോ ക്രെഡിറ്റ്‌: പ്രിസ്‌ക കൊള്ളൻ അഗ്രോസ്‌കോപ്)

സൂറിച്ച്: മണ്ണിന്റെ ഗുണമേന്മ പരിശോധിക്കാനായി വേറിട്ട പരീക്ഷണവുമായി ശാസ്‌ത്രജ്ഞർ. സ്വിറ്റ്‌സർലൻഡിലെ വിവിധ തോട്ടങ്ങളിലും പുൽമേടുകളിലുമായി 2000 ജോഡി അടിവസ്‌ത്രങ്ങൾ കുഴിച്ചിട്ടാണ് ശാസ്‌ത്രജ്ഞർ പരീക്ഷണം നടത്തിയത്. പ്ലാന്റ്സ്, പീപ്പിൾ, പ്ലാനറ്റ് എന്ന ശാസ്‌ത്ര ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മണ്ണിന്റെ പോഷകഗുണവും ജൈവികപ്രവർത്തന ക്ഷമതയും എത്രത്തോളം കുറഞ്ഞുവരുന്നെന്ന് കണ്ടെത്താനാണ് പരീക്ഷണം നടത്തിയത്. കുഴിച്ചിട്ട അടിവസ്‌ത്രങ്ങൾ പരിശോധനകൾക്കായി രണ്ടുമാസത്തിന് ശേഷം പുറത്തെടുത്തപ്പോൾ അവയിൽ ചിലതിൽ തുണിയുടെ ചെറിയ ഭാഗം മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാൽ ചിലതിലാകട്ടെ തുണിയുടെ വളരെ ചെറിയ ഭാഗം മാത്രമെ നഷ്‌ടപ്പെട്ടിരുന്നുള്ളു.

'പ്രൂഫ് ബൈ അണ്ടർ പാന്റ്സ്' ('അടിവസ്‌ത്രത്തിലൂടെയുള്ള തെളിവ്') എന്ന പേരിൽ നടത്തിയ പരീക്ഷണത്തിലൂടെ മണ്ണിന്റെ അവസ്ഥ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. സൂറിച്ച് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. മണ്ണിരകൾ, ഫംഗസ്, ബാക്‌ടീരിയ തുടങ്ങിയവയുടെ പ്രവർത്തനം കൂടുതലായുള്ള മണ്ണാണ്ണെങ്കിൽ തുണി വേഗത്തിൽ ദ്രവിക്കും. അതിനാൽ നന്നായി ദ്രവിച്ച അടിവസ്‌ത്രങ്ങൾ കുഴിച്ചിട്ട മണ്ണിൽ ജൈവികപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന് മനസിലാക്കാം.

സ്വകാര്യ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ വിഘടനം കണ്ടെത്തിയത്. ഇവിടെ അടിവസ്‌ത്രത്തിലെ കോട്ടൺ തുണിയുടെ 58 ശതമാനം രണ്ട് മാസത്തിനിടെ ദ്രവിച്ചു. പുൽത്തകിടികളിൽ ഇത് 40 ശതമാനം മാത്രമായിരുന്നു. കൃഷിയിടങ്ങളിലും പുൽമേടുകളിലും ജൈവപ്രവർത്തനം കുറവായിരുന്നു. മണ്ണിന്റെ ഗുണനിലവാരം കുറയുന്നത് ഭക്ഷ്യോൽപാദനത്തിനും ജൈവവൈവിദ്ധ്യത്തിനും ഭീഷണിയാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ കൂടുതൽ പോഷകഘടകങ്ങൾ ഉണ്ടെന്ന് കരുതി മണ്ണിന്റെ ആരോഗ്യം നല്ല രീതിയിലാണെന്ന് കരുതാനാകില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

സാധാരണക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതിനായാണ് പരീക്ഷണത്തിൽ ശാസ്‌ത്രീയ ഉപകരണങ്ങൾക്ക് പകരം അടിവസ്‌ത്രം ഉപയോഗിച്ചതെന്ന് ശാസ്‌ത്രജ്ഞർ വ്യക്തമാക്കി. ആളുകൾ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുന്നതിനും കാര്യങ്ങൾ രസകരമായി അവതരിപ്പിക്കുന്നതിനുമുള്ള ഒരു 'ഔട്ട് റീച്ച് ടൂൾ' ആയാണ് അവർ അടിവസ്‌ത്രത്തെ കണക്കാക്കുന്നത്.

English Summary

Swiss scientists buried 2,000 pairs of cotton underwear to measure soil health. The level of decomposition revealed differences in biological activity and soil quality.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPERIMENT, SOIL TEST, SOIL FERTILITY, SOIL HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY