SignIn
Kerala Kaumudi Online
Thursday, 23 July 2026 1.20 PM IST

എട്ട് കോടി രൂപ വിലവരുന്ന തേയില, ഒരു കപ്പ് രുചിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവാക്കണം; ചായയ്‌ക്ക് പ്രത്യേകതകളേറെ

da-hong-pao-
ഡാ ഹോങ് പാവോ

ചായ ഇഷ്‌ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ദിവസേന രണ്ടോ അതിലധികമോ ചായ കുടിക്കുന്നവരാണ് ഭൂരിഭാഗവും. എന്തിനേറെ, ചെറിയൊരു തലവേദന വന്നാൽപ്പോലും പലരും ആദ്യം ചായ കുടിക്കുകയാണ് ചെയ്യാറുള്ളത്. നമ്മുടെ നാട്ടിൽ ചായയ്‌ക്ക് 10 മുതൽ 12 രൂപ വരെയാണ്. ചിലയിടങ്ങളിൽ 15 മുതൽ 20 രൂപ വരെ ഈടാക്കാറുണ്ട്. എന്നാൽ, കോടികൾ വിലവരുന്ന ചായയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഡാ ഹോങ് പാവോ എന്നാണ് ഇതിന്റെ പേര്.

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവതനിരകളിലാണ് ഈ ചെടി വളരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അപൂർവ ഊലോംഗ് ചായയാണിത്. 20 ഗ്രാം ചായപ്പൊടിക്ക് പോലും ലക്ഷങ്ങളാണ് വിലവരുന്നത്. രുചികൊണ്ട് മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും രാജകീയ പാരമ്പര്യവും ഇതിനെ അപൂർവ നിധിയാക്കി മാറ്റി. പക്ഷേ, വാണിജ്യ വിളവെടുപ്പിൽ നിന്ന് ഈ ചായപ്പൊടി ഇപ്പോൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്.

എന്താണ് ഡാ ഹോങ് പാവോ?

ചുവന്ന മേൽക്കുപ്പായം എന്നാണ് ഈ വാക്കിന്റെ അർത്ഥം. യുനെസ്‌കോയുടെ പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ട വുയി പർവതനിരകളിൽ വളരുന്ന ഇവ ഗ്രീൻ ടീ, ബ്ലാക് ടീ എന്നിവയിൽ നിന്നും വ്യത്യസ്‌തമാണ്. സ്വാഭാവിക മധുരമുള്ള ഈ ചായ കുടിക്കാൻ ലോകമെമ്പാടുമുള്ള ചായപ്രേമികൾ ചൈനയിലേക്ക് എത്താറുണ്ടായിരുന്നു.

നൂറുകണക്കിന് വർഷം പഴക്കമുള്ള സസ്യത്തിൽ നിന്നാണ് ഈ ചായ ഉൽപ്പാദിപ്പിക്കുന്നത്. വിലമതിക്കാനാകാത്ത നിധിയായാണ് ഇതിനെ കണക്കാക്കുന്നത്. ഇപ്പോൾ അവയിൽ ആറ് ചെടികൾ മാത്രമേയുള്ളു. ചെടികളിൽ നിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രമേ തേയിലകൾ ലഭിക്കുകയുള്ളു. അതിനാൽ കിലോയ്‌ക്ക് ഒമ്പത് കോടി രൂപയാണ് വിലവരുന്നത്. സ്വർണത്തേക്കാൾ 30 മടങ്ങ് വിലയാണ് ഇതിനുള്ളത്. യഥാർത്ഥ ഇലകളിൽ നിന്നുണ്ടാക്കുന്ന ചായയ്‌ക്ക് ഏകദേശം 8.5 ലക്ഷം രൂപയാണ് വില.

നിരോധിക്കാൻ കാരണം

ഭാവിയിൽ ഈ മാതൃസസ്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഇലകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പന സർക്കാർ നിരോധിച്ചത്. മാത്രമല്ല, ചെടി വളരുന്ന പ്രദേശം സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായതിനാൽ പ്രദേശത്ത് നിന്ന് ഇലകൾ വിളവെടുക്കാൻ ആർക്കും അനുവാദമില്ല. ചെടികൾക്ക് സർക്കാർ ഏകദേശം 142 കോടി രൂപ ഇൻഷ്വർ ചെയ്‌തിരിക്കുകയാണ്. ചെടിയിൽ നിന്ന് അവസാനമായി വിളവെടുത്ത ഇലകൾ ബീജിംഗിലെ പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary

Da Hong Pao, a rare Chinese oolong tea, is considered one of the world’s most expensive teas, with prices reaching crores of rupees. Grown in China’s Wuyi Mountains, only a few ancient plants remain, making the tea extremely rare. Commercial harvesting has been banned to protect these heritage tea plants.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EIGHT CRORE TEA, WORLD EXPENSIVE TEA, RARE TEA LEAVES, LUXURY TEA, COSTLY TEA IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY