SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.16 PM IST

താമസം ടാർപോളിൻ ഷീറ്റിനടിയിൽ, പോരാട്ടവീര്യം അണയാതെ 17കാരി; പ്രളയദുരിതത്തിനിടെ നേടിയത് സ്വർണ മെ‌‌ഡൽ

janmoni
ജാന്മൊണി

ജോർഹട്ട്: പ്രളയത്തിൽ വീട് തകർന്ന് ജീവിതം വഴിമുട്ടിയിട്ടും ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി 17കാരി. അസമിലെ ജോർഹട്ട് ജില്ലയിലെ ഭോഗ്‌ദോയ്‌പോറിയ സ്വദേശിയായ ജാന്മൊണി കോൺവറാണ് ഡൽഹിയിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. കഴിഞ്ഞ രണ്ട് മാസത്തെ പ്രളയത്തിൽ വീട് പൂർണമായും തകർന്നതോടെ കുടുംബം ഇപ്പോഴും ടാർപ്പോളിൻ കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡിലാണ് കഴിയുന്നത്.

ന്യൂഡൽഹിയിലെ താൽകട്ടോറ ഇൻഡോർ സ്റ്റേ‌ഡിയത്തിൽ ഓഗസ്റ്റ് ഏഴ് മുതൽ ഒൻപതുവരെ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അശിഹാര വിഭാഗത്തിലാണ് ജാന്മൊണി സ്വർണം നേടിയത്. ജൂലായ് 19നാണ് പ്രളയജലം ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. ഇതേതുടർന്ന് ജാന്മൊണിക്കും ക‌ുടുംബത്തിനും വീടുവിട്ടിറങ്ങേണ്ടി വരികയായിരുന്നു. വീടിന് ഏകദേശം 150 മീറ്റർ അകലെയുള്ള അണക്കെട്ടിൽനിന്നുള്ള വെള്ളം കരകവിഞ്ഞൊഴുകിയതോടെയാണ് ഗ്രാമം വെള്ളത്തിനടിയിലായത്.

ഇതോടെ കുടുംബത്തിന്റെ വരുമാന മാർഗമായ മത്സ്യക്കൃഷി തകർന്നു. വളർത്തുമൃഗങ്ങളെ സുരക്ഷിതമായ മറ്റൊരിടത്തേയ്‌ക്ക് മാറ്റേണ്ടിവന്നു. ജാന്മൊണിയുടെ ചാമ്പ്യൻഷിപ് മത്സരങ്ങൾക്കായുള്ള ചെലവ് കണ്ടെത്തിയിരുന്നത് മത്സ്യക്കൃഷിയിലൂടെയാണ്. ഇതു തകർന്നതോടെ അതിജീവനത്തിന്റെ വാതിൽ അടഞ്ഞുപോയെന്നാണ് കുടുംബം ആവലാതിപ്പെടുന്നത്.

അഞ്ചാം വയസിലാണ് ജാന്മൊണി കരാട്ടെ പരിശീലനം ആരംഭിച്ചത്. മതിയായ പരിശീലന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും ധാരാളം പ്രതിസന്ധികളിലൂടെ അവൾ പരിശീലനം തുടരുകയായിരുന്നു. 2023ൽ ദേശീയ മത്സരത്തിൽ വെങ്കലവും 2025ൽ സ്വർണവും നേടി. ഈ വർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്നതിനിടെയിലാണ് പ്രളയം കുടുംബത്തിന് തിരിച്ചടിയായത്. സുമനസുകളുടെ സഹായത്താൽ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് സ്വർണം കൈവെള്ളയിലാക്കാൻ ജാന്മൊണിക്ക് കഴിഞ്ഞു. വീട് നഷ്‌ടമായതിന്റെ സങ്കടങ്ങൾക്കിടെയിലും മകളുടെ വിജയത്തിൽ ആശ്വാസം കണ്ടെത്തുകയാണ് കുടുംബം. കരാട്ടെയിൽ വിജയങ്ങൾ നേടാനുള്ള പ്ലസ്‌ടു വിദ്യാർത്ഥിനിയായ ജാന്മൊണിയു‌ടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി അവർ കൂടെനിൽക്കാനാണ് അവർ ശ്രമിക്കുന്നത്.

English Summary

17-year-old Assam karate player Janmoni Konwar won gold at the National Karate Championship in Delhi despite losing her home and livelihood in the floods. Her family is still living in a temporary tarpaulin shelter, while she continues to pursue her karate dreams.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARATE COMPETITION, NATIONAL GOLD MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY