ഏറ്റവും കുറഞ്ഞ പ്രായത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായ വനിത, പവർ ലിഫ്റ്റിംഗ് താരം വിശേഷണങ്ങൾ അനവധിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് മുഹമ്മ ലക്ഷ്മിദേവി നിവാസിൽ ഡോ.പി.എൽ.ലക്ഷ്മിക്ക് (38). ഒരു മോഹൻലാൽ സിനിമയോട് തോന്നിയ ആരാധനയാണ് ലക്ഷ്മിയെ മെഡിക്കൽ പ്രൊഫഷനിലേക്കെത്തിച്ചത്. അവയവക്കടത്ത് പ്രമേയമാക്കി 1995ൽ പുറത്തിറങ്ങിയ 'നിർണയം' അന്നത്തെ എട്ടുവയസുകാരിയുടെ മനസിൽ വൈദ്യശാസ്ത്രത്തിന്റെ വിത്തു പാകി.
വിവിധയിടങ്ങളിൽ സേവനം പിന്നിട്ടാണ് ജന്മനാട്ടിലെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ട് പദവിയിലെത്തിയത്. പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ എം.പെണ്ണമ്മയുടെയും റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ പുരുഷോത്തമന്റെയും മൂത്ത മകളാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടേത് ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് പെണ്ണമ്മ.
പെണ്ണമ്മയുടെ പേര് പതിച്ച ശിലാഫലകങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഇവ കണ്ട് എന്നും ജോലിക്ക് കയറുന്നത് പ്രത്യേക കരുത്താണെന്ന് ഡോ.ലക്ഷ്മി പറയുന്നു. അഡ്മിനിസ്ട്രേഷൻ രംഗത്ത് അമ്മയാണ് ഗുരു. ഡോക്ടറാവുകയെന്നത് ആഗ്രഹമായിരുന്നു. എന്നാൽ ഭരണകാര്യ നിർവഹണം ഏറെ ഇഷ്ടത്തോടെ ആസ്വദിക്കുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.
പവറാണ് ഡോക്ടർ
സ്കൂൾ തലം മുതൽ കായികരംഗത്ത് സജീവമായിരുന്ന ലക്ഷ്മി കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനകാലയളവിലാണ് ജിമ്മിൽ പോയിത്തുടങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആർ.എം.ഒ പദവിയിലെത്തിയതോടെ ആലപ്പുഴ നഗരത്തിലെ ജിമ്മിൽ പരിശീലനം തുടർന്നു. അവിടെവച്ചാണ് പവർ ലിഫ്റ്റിംഗിലേക്ക് വഴിമാറിയത്. ചാമ്പ്യൻഷിപ്പുകളിൽ 84പ്ലസ് കിലോ വനിതാവിഭാഗത്തിൽ മത്സരിക്കുന്ന ഡോ.ലക്ഷ്മിക്ക് ദേശീയമത്സരവും കിരീടവുമാണ് ലക്ഷ്യം. ഡെഡ് ലിഫ്റ്റ്, സ്ക്വാട്ട്, ബെഞ്ച് പ്രസ് എന്നിവയിൽ സംസ്ഥാന തലത്തിൽ ഒന്നാമതായിരുന്നു. രാത്രി 8.30 മുതൽ 10 മണിവരെയാണ് പരിശീലനം. ചെട്ടികാട് ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധൻ ഡോ.ഡി.ജയദേവനാണ് ഭർത്താവ്. മൂന്നാം ക്ലാസുകാരി ദുർഗാദേവിയും, രണ്ട് വയസ്സുകാരി ഭദ്രയുമാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |