SignIn
Kerala Kaumudi Online
Friday, 17 July 2026 7.20 AM IST

എവറസ്റ്റ് കൊടുമുടി രണ്ടുതവണ കീഴടക്കിയ ആദ്യ സൈനിക ഉദ്യോഗസ്ഥ; കുഗ്രാമത്തിൽ നിന്ന് ഉയരങ്ങളിലെത്തിയത് വെറും 26ാം വയസിൽ

lt-col-deepika-rathore

ഇന്ത്യൻ കരസേനയിലെ കരുത്തുറ്റ വനിതയും ശ്രദ്ധേയയായ പർവതാരോഹകയുമാണ് ലെഫ്റ്റനന്റ് കേണൽ ദീപിക റാത്തോഡ്. രാജസ്ഥാനിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത കൂടിയാണ് ദീപിക. അതും രണ്ടുതവണ. സൈനിക സേവനത്തോടൊപ്പംതന്നെ ആഗ്രഹങ്ങൾ സഫലമാക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സൈനിക ഉദ്യോഗസ്ഥ.

രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഭവാദിയ എന്ന കുഗ്രാമത്തിലാണ് ദീപിക ജനിച്ചത്. സ്ത്രീകൾക്ക് അവസരങ്ങൾ പരിമിതപ്പെടുത്തുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് അവർ വളർന്നത്. മുത്തച്ഛൻ സൈനികനായിരുന്നത് ചെറുപ്പത്തിൽ തന്നെ ദീപികയെ സ്വാധീനിച്ചിരുന്നു. എൻസിസിയിൽ ചേർന്ന ദീപിക 2002ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുകയും സിംഗപ്പൂരിൽ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. പർവതാരോഹണ പരിശീലനത്തിനുള്ള ആദ്യ ശ്രമം ഭാരക്കുറവ് കാരണം നിരസിക്കപ്പെട്ടു. പക്ഷേ ഈ തിരിച്ചടി ദീപികയെ കൂടുതൽ ശക്തയാക്കുകയാണ് ചെയ്തത്.

2011ൽ വിമൺ എൻട്രി സ്‌കീമിലൂടെ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. ആർമി ഓർഡനൻസ് കോർപ്സിൽ ക്യാപ്‌ടനായി ആയിരുന്നു നിയമനം. പിന്നീട് മേജറായും ലെഫ്റ്റനന്റ് കേണലായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനിടെ മർച്ചന്റ് നേവിയിലെ എഞ്ചിനീയറായ ജിതേന്ദ്ര സിംഗ് ശെഖാവത്തിനെ വിവാഹം കഴിച്ചു. സൈനിക സേവനത്തിന് വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കുകയും ചെയ്തു.

ലേ ലഡാക്ക് മേഖലയിൽ ജോലി ചെയ്തപ്പോഴാണ് പർവതാരോഹണത്തിൽ ദീപിക വീണ്ടും ശ്രദ്ധ ചെലുത്തിയത്. 2012ൽ ഓൾ ആർമി എവറസ്റ്റ് പര്യവേഷണത്തിൽ പങ്കെടുത്തു. 2012 മേയ് 25ന് 26ാം വയസിലാണ് അന്ന് ക്യാപ്‌ടൻ പദവിയിലിരുന്ന ദീപിക റാത്തോഡ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. എവറസ്റ്റിലെത്തിയ രാജസ്ഥാനിൽ നിന്നുള്ള ആദ്യ വനിത കൂടിയാണ് ദീപിക.

2016 മേയ് 21 ന് മേജർ ദീപിക റാത്തോഡ് ആയാണ് അവർ വീണ്ടും എവറസ്റ്റിൽ ത്രിവർണ പതാക നാട്ടിയത്. ലേ, മണിപ്പൂർ, ഡാർജിലിംഗ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മിസോറാം എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 19–21 വയസ് പ്രായമുള്ള വനിതാ കേഡറ്റുകൾ ഉൾപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ എൻ‌സി‌സി ഗേൾസ് എവറസ്റ്റ് പര്യവേഷണം കൂടിയായിരുന്നു അത്. ഈ നേട്ടം ദീപികയെ എവറസ്റ്റിലെത്തുന്ന ഇന്ത്യൻ സൈന്യത്തിലെ ആദ്യ വനിതാ ഓഫീസർ ബഹുമതിക്കർഹയാക്കി. മാത്രമല്ല അക്കാലത്ത് രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ഒരേയൊരു വ്യക്തിയും ദീപികയായിരുന്നു. എവറസ്റ്റിന് പുറമെ മൗണ്ട് എൽബ്രസ്,​ കിളിമഞ്ചാരോ പർവ്വതം,​ അക്കോൺകാഗ്വ പർവ്വതം എന്നിങ്ങനെ വിവിധ ഭൂഖണ്ഡങ്ങളിലും ദീപിക പര്യവേഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LT COL DEEPIKA RATHORE, INDIANARMY, MOUNT EVEREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY