
ഇതിഹാസ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ അനുജത്തി അനം മിർസയെ പലർക്കുമറിയില്ല. ബിസിനസ് ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ അനം മിർസ ഇന്ന് 331 കോടി സ്വത്തിന് ഉടമയാണ്. സഹോദരി സാനിയ മിർസയുടെ സമ്പത്ത് 216 കോടിയും.
സ്‌പോർട്‌സ് ജേർണലിസ്റ്റായ ഇമ്രാൻ മിർസയുടെയും പ്രിന്റിംഗ് ബിസിനസ് നടത്തിയിരുന്ന നസീമയുടെയും രണ്ടാമത്തെ മകളായി അനം 1994ലാണ് ജനിച്ചത്. സ്‌കൂൾ പഠനത്തിനുശേഷം സെന്റ് ഫ്രാൻസിസ് കോളേജ് ഫോർ വിമനിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. സാനിയ മിർസ ഇതിനകം തന്നെ പ്രൊഫഷണൽ കായികതാരമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അനം മാദ്ധ്യമം, ബ്രാൻഡിംഗ്, ഉപഭോക്തൃ മനഃശാസ്ത്രം എന്നിവയിലേക്കാണ് ആകർഷിക്കപ്പെട്ടത്. തന്റെ ഉപഭോക്താക്കളുടെ മനസ് വായിക്കാനുള്ള കഴിവും അനത്തിനുണ്ടായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായി 2013ൽ ആരംഭിച്ച കണ്ടന്റ് പ്ളാറ്റ്‌ഫോമായ 'ഇങ്ക് ടു ചേഞ്ച്' ആണ് അനം മിർസയുടെ ആദ്യ സംരംഭം. തുടർന്ന് അനം ചുവടുവച്ചത് ഫാഷൻ മേഖലയിലേക്കാണ്. ലേബൽ ബസാർ എന്ന പേരിൽ മൾട്ടി ഡിസൈനർ പ്ളാറ്റ്‌ഫോമിന് രൂപം നൽകി. ക്ളോത്തിംഗ്, ആക്‌സസറീസ്, ഫുട്‌വെയർ, ബാഗ്, ബ്യൂട്ടി ലേബൽസ് എന്നിങ്ങനെ എല്ലാം അടങ്ങിയതായിരുന്നു ലേബൽ ബസാർ. താമസിയാതെ ലേബൽ ബസാർ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഫാഷൻ പ്രദർശന ബ്രാൻഡുകളിലൊന്നായി മാറി. ചെന്നൈ, ഹൈദരാബാദ്, മുംബയ്, ദുബായ് എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തി ലോകശ്രദ്ധയാകർഷിക്കുകയും ചെയ്തു.
2022ൽ ഫാഷൻ മേഖലയ്ക്ക് പുറമെ മറ്റിടങ്ങളിലേയ്ക്കും അനം തന്റെ ബിസിനസ് വളർത്തി. ഇന്ത്യയിലെ ഏറ്റവും വലിയ റംസാൻ എക്‌സ്‌പോയായ ദാവത് - ഇ - റംസാന് രൂപം നൽകി. ഹൈദരാബാദിൽ നടത്തുന്ന പരിപാടിയിൽ ഒന്നരലക്ഷത്തോളം സന്ദർശകരാണ് എല്ലാക്കൊല്ലവും എത്തുന്നത്.
2019ൽ അനം മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌ടൻ മൊഹമ്മദ് അസറുദ്ദീന്റെ മകൻ അസദ് അസറുദ്ദീനെ വിവാഹം കഴിച്ചു. 2023ൽ മകൾ ദുവ ജനിച്ചതിനുശേഷം മറ്റൊരു ഫാഷൻ സ്റ്റോർ കൂടി ആരംഭിച്ചു. ഹൈദരാബാദിൽ 13 കോടിയുടെ വസതിയുടെ ഉടമയാണ് അനം. 1.70 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസ്, 72 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ ഇവോക്ക്, 46 ലക്ഷം രൂപയോളം വിലയുള്ള ജാഗ്വാർ എക്സ്ഇ, മെഴ്‌സിഡസ് ബെൻസ്, പോർഷെ, ഓഡി എന്നിവയും അനത്തിന് സ്വന്തമായുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |