SignIn
Kerala Kaumudi Online
Friday, 02 October 2026 7.47 PM IST

കണ്ണൂരേയ്‌ക്ക് ഇനി ട്രെയിൻ തന്നെ പിടിക്കേണ്ടി വരുമോ, ഇൻഡിഗോയ്ക്ക്  എതിരാളിയാകാനൊരുങ്ങിയ  ശതകോടീശ്വരൻ ഇനിയില്ല

kannur

പുതിയ വിമാനക്കമ്പനി ആകാശ എയറിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയായ കിയാൽ. രാജ്യത്ത് സർവീസ് തുടങ്ങിയ ആകാശ എയർ കൂടുതൽ വിമാനങ്ങൾ ഇറക്കിയാൽ അതിൽ കണ്ണൂർ വിമാനത്താവളവും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയാണ് കിയാൽ.

ഇന്ത്യൻ കോടീശ്വരനായ രാകേഷ് ജുൻജൻവാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയർ കമ്പനി രണ്ടുവിമാനസർവീസുകളാണ് തുടക്കത്തിൽ നടത്തുന്നത്. ഇതുരണ്ടും നെടുമ്പാശേരിയിൽ നിന്നുമാണ്. കൊച്ചി - ബംഗളൂരു, കൊച്ചി - ഹൈദരാബാദ് സെക്ടറിലാണ് ഈ സർവീസുകൾ. എന്നാൽ ഇതിനുശേഷം വരുന്ന ഡിസംബറിൽ 16 വിമാനങ്ങൾ കൂടി ആകാശിന്റെതായി വരുന്നുണ്ട്. ഇതിലാണ് കണ്ണൂരിന്റെ പ്രതീക്ഷ. എന്നാൽ ജുൻജുൻവാലയുടെ വിയോഗത്തോടെ ആകാശ എയർ വെെകുമോയെന്ന ആശങ്ക ശക്തമാകുകയാണ്.

വിദേശവിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്ത ഏകവിമാനത്താവളമെന്ന ദുരവസ്ഥയാണ് കണ്ണൂർ നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്‌പ്രസ്, ഗോഫസ്റ്റ് എന്നീ വിമാനകമ്പനികളാണ് കണ്ണൂരിൽ നിന്നും വിദേശത്തേക്ക് സർവീസ് നടത്തുന്നത്.


കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ രാജ്യത്തെ മറ്റു അഞ്ചു നഗരങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നും ആഭ്യന്തരസർവീസുള്ളത്. 38 എയർക്രാഫ്റ്റ് മൂവ്‌മെന്റുകൾ നടക്കുന്ന ചൊവ്വാഴ്ചകളിൽ മാത്രമാണ് കണ്ണൂർ വിമാനത്താവളം സജീവമാകുന്നത്. രാജ്യാന്തരസർവീസുകളുടെ കാര്യത്തിലും കണ്ണൂർ വിമാനത്താവളത്തിന്റെ സ്ഥിതി ദയനീയമാണ്. കുവൈത്ത്, ഷാർജ, അബുദാബി, ദോഹ, മസ്‌കത്ത്, സലാല, ദമാം, റിയാദ്, ദുബായ്, ബഹ്‌റൈൻ എന്നിവടങ്ങളിലേക്ക് മാത്രമാണ് ഇവിടെ നിന്നും നേരിട്ടു പോകാൻ കഴിയുക. ആഭ്യന്തര, വിദേശ വിമാനസർവീസുകളുടെ എണ്ണം കുറവായതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുളള ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന പരാതിയുമുണ്ട് യാത്രക്കാർക്ക്.

സാധാരണക്കാരെ നോട്ടമിട്ട് ആകാശ

സാധാരണക്കാർക്ക്,​ അവർക്ക് സാധ്യമാവുന്ന ടിക്കറ്റ് നിരക്കിൽ വിമാനയാത്ര തരപ്പെടുത്തുകയെന്ന സന്ദേശവുമായാണ് ആകാശ ഇന്ത്യൻ വ്യോമയാന രംഗത്തേക്ക് കടന്നുവരുന്നത്. മിതമായ നിരക്കിൽ വിമാനയാത്ര ആകാശിലൂടെ സാധ്യമാവുകയാണെങ്കിൽ അതിലൂടെ ആഭ്യന്തര സർവീസ് യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാൽ.

akasha-air

അഞ്ചുവർഷം സുസ്ഥിരമായി ആഭ്യന്തരസർവീസ് നടത്തിയാൽ മാത്രമേ ആകാശിന് വിദേശ​ വ്യോമയാനരംഗത്ത് അംഗീകാരം ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ കൂടുതൽ വിമാനങ്ങളിറക്കി രാജ്യത്തെ ആഭ്യന്തര സർവീസിൽ മേധാവിത്വം പുലർത്തുന്ന ഇൻഡിഗോയോട് മത്സരിക്കാനാണ് ആകാശ നീക്കം നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ആഭ്യന്തരസർവീസുകളുടെ കുത്തക ഇൻഡിഗോയ്ക്കാണ്. രാജ്യത്ത് അമ്പതു ശതമാനം ആഭ്യന്തര സർവീസും ഇൻഡിഗോയാണ് നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAKESH JHUNJHUNWALA, JHUNJHUNWALA, AKASHA AIR, KANNUR AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY