SignIn
Kerala Kaumudi Online
Monday, 03 August 2026 1.16 PM IST

പാറക്കെട്ടിൽ വിരിഞ്ഞ പച്ചപ്പ്, പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുകയാണ് ഹരി

miyawaki

തിരുവനന്തപുരം: നഗരവൽക്കരണവും വൃക്ഷവിനാശവും നിമിത്തം പ്രകൃതി സമതുലിതാവസ്ഥ തകരുന്ന കാലഘട്ടത്തിൽ, സ്വന്തം പറമ്പിൽ ഒരു കൊച്ചു കാട് തീർത്ത് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുകയാണ് തിരുവനന്തപുരം സ്വദേശി എം.ആർ. ഹരി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കിയുടെ മാതൃകയിൽ നിർമ്മിച്ച ഈ കൃത്രിമ വനം ഇന്ന് നൂറുകണക്കിന് ജീവജാലങ്ങളുടെയും അപൂർവ്വ സസ്യങ്ങളുടെയും സങ്കേതമായി മാറിയിരിക്കുന്നു.

പാറക്കെട്ടിൽ വിരിഞ്ഞ പച്ചപ്പ്
വെള്ളവും മണ്ണും കുറഞ്ഞ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്താണ് ഹരി ഈ വനം തീർത്തത്. തുടക്കത്തിൽ അക്കേഷ്യ മരങ്ങൾ നിറഞ്ഞ ഇവിടെ സാധാരണ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് പത്തുവർഷത്തെ ശ്രമഫലമായി മിയാവാക്കി വനവൽക്കരണ രീതിയെക്കുറിച്ച് അദ്ദേഹം പഠിക്കുന്നത്. പ്രൊഫസർ മിയാവാക്കിയുടെ പുസ്തകങ്ങളിൽ നിന്നും, ജപ്പാൻ സന്ദർശനം വഴിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് കേരളത്തിലെ സസ്യശാസ്ത്രജ്ഞരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഹരി ഈ വനം യാഥാർത്ഥ്യമാക്കിയത്.

സസ്യങ്ങളും അപൂർവ്വ ജീവജാലങ്ങളും
സാധാരണ മിയാവാക്കി വനങ്ങളിൽ 30 സ്പീഷീസുകളാണ് വച്ചുപിടിപ്പിക്കുന്നതെങ്കിൽ, ഹരിയുടെ ഈ വനത്തിൽ ഇപ്പോൾ 800ലധികം സസ്യവർഗ്ഗങ്ങളുണ്ട്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ പ്രകൃതിദത്തമായ ജൈവവ്യവസ്ഥ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. 1500ഓളം ചെറുമീനുകളും പ്രാണികളും, 20ഓളം ഇനം ഗാർഡൻ സ്‌പൈഡറുകൾ, 40ലധികം ഇനം പക്ഷികൾ, മുള്ളൻപന്നി, മരപ്പട്ടി, അപൂർവ്വ ശലഭങ്ങൾ എന്നിവയുടെ സങ്കേതം കൂടിയാണ് ഇവിടെ.

മിയാവാക്കി വനത്തിന്റെ പ്രയോജനങ്ങൾ
സാധാരണ വനവൽക്കരണത്തേക്കാൾ 40 ഇരട്ടി കുറഞ്ഞ സ്ഥലത്ത് ഉയർന്ന സാന്ദ്രതയിൽ മരങ്ങൾ വളർത്താൻ ഈ രീതി സഹായിക്കുന്നു. ഒരു ഏക്കറിൽ 16,000ഓളം സസ്യങ്ങൾ വരെ നട്ടുപിടിപ്പിക്കാം. വീടിനോട് ചേർന്ന് അര സെന്റിലോ കാൽ സെന്റിലോ നിർമ്മിക്കുന്ന മിയാവാക്കി വനം പെയ്യുന്ന മഴവെള്ളത്തിന്റെ 60 ശതമാനത്തിലധികം മണ്ണിലേക്ക് ഇറങ്ങാൻ സഹായിക്കും. നഗരങ്ങളിൽ ഓക്സിജന്റെ അളവ് കൂട്ടാനും അന്തരീക്ഷ താപനില കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മിയാവാക്കി നേച്ചർ ലാബ്
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രകൃതിയെക്കുറിച്ച് പഠിക്കാൻ 'മിയാവാക്കി നേച്ചർ ലാബ്' എന്ന പദ്ധതിക്കും ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലേയും ബോട്ടണി ഡിപ്പാർട്ട്‌മെന്റുകളിലേയും ഗവേഷകർ മണ്ണിനും മരങ്ങൾക്കും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഇവിടെ എത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKIRA MIYAWAKI, MIYAWAKI FOREST, ARTIFICIAL FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY