ഉച്ചനേരം
കൈകഴുകി
ഇലയിട്ട്
ഹൃദയം ഉണ്ണാനിരുന്നു
സ്‌നേഹച്ചോറ് പറഞ്ഞിട്ട്
നേരത്തോട് നേരമായി
വിളമ്പുകാരെ
കാണാനില്ല
ആർദ്രതയുടെ
തൊടുകറികൾ പോലും
ഇലത്തുമ്പിൽ നിരന്നില്ല
അളന്ന്
തിട്ടപ്പെടുത്തി
അവസരം മുതലെടുക്കാൻ
ചില വിളമ്പുകാർ വന്നു
കുടിലതയുടെയും
സങ്കുചിതത്വത്തിന്റെയും
ഇഷ്ടിക,യടുപ്പിൽ
വെന്ത
ദഹിക്കാ ചോറ്
അത് വേണ്ടെന്ന്
കട്ടായം പറഞ്ഞ്
ഇല മടക്കിവെച്ച്
വിശന്നു തന്നെയിരുന്നു
കഴിക്കുമ്പോൾ
നല്ലത് തന്നെ വേണം
എങ്കിലേ
വയറുനിറയൂ;
കൂടെ മനസ്സും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |